തിരുവനന്തുപരം :നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് പി.എസ് .സി ചെയർമാൻ എം.കെ.സക്കീർ വ്യക്തമാക്കി.
കൊവിഡ് കാലത്തും 11,000 ത്തോളം നിയമനശുപാർശകൾ നൽകി. ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചാൽ ഇതേ തസ്‌തിയിലേക്കുള്ള മറ്റൊരു റാങ്ക് ലിസ്റ്റ് നിലവിലില്ലെങ്കിൽ പോലും കാലാവധി നീട്ടാൻ നിയമമില്ല. റാങ്ക് ലിസ്റ്റുകളിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുന്നത് നിലവിലെ ചട്ടങ്ങളനുസരിച്ചാണ്. ഒഴിവിന്റെ അഞ്ചിരട്ടി ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തണമെന്നാണ് നിയമം. ഒരേ ആളുകൾ തന്നെ പല റാങ്ക് ലിസ്റ്റുകളിൽ ഇടം നേടാറുണ്ട്. ജോലി ലഭിച്ചവരിൽ ചിലരെല്ലാം സൗകര്യപ്രദമായ മറ്റൊരു ജോലി ലഭിച്ച് പോകുമ്പോൾ തൊട്ടുതാഴെയുള്ള ആളുകളെ ഈ റാങ്കിലേക്ക് പരിഗണിക്കും. ഇത് കാലങ്ങളായി നടന്നുവരുന്നതാണ്. ജോലി ലഭിക്കാത്തവരുടെ പരാതി സ്വാഭാവികമാണ്. റിപ്പോർട്ട് ചെയ്തുകിട്ടുന്ന ഒഴിവുകളിൽ മാത്രമേ പി.എസ് .സി ക്ക് നിയമന ശുപാർശ നൽകാൻ കഴിയൂ. നേരത്തെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നൽകിയിട്ടുണ്ട്. പല തട്ടിലുള്ള ഉദ്യാഗാർത്ഥികളെ ഒപ്പം നിറുത്തി പ്രശ്നം സൃഷ്ടിക്കുന്നത് ആക്ഷേപകരമാണെന്നും അദ്ദേഹം പറഞ്ഞു.
2012 ൽ ഒരു വർഷത്തിൽ 45 ലക്ഷം ഉദ്യോഗാർത്ഥികളാണ് അപേക്ഷകരായിരുന്നത്. 2015ൽ 68 ലക്ഷമായി വർദ്ധിച്ചു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഒന്നേകാൽ കോടി ഉദ്യോഗാർത്ഥികളാണ് ഒരു വർഷം അപേക്ഷിക്കുന്നത്. പി.എസ്.സിയുടെ ജോലിഭാരം കൂടുന്ന സാഹഹചര്യത്തിലാണ് മാറ്റങ്ങൾ വരുത്തുന്നതെന്നും ചെയർമാൻ പറഞ്ഞു.