കൊച്ചി: വിവാദമായ ലൈഫ് മിഷന്‍ ഭവനനിര്‍മാണ പദ്ധതിക്ക് സര്‍ക്കാര്‍ ഒപ്പുവെച്ച ധാരണാപത്രം പുറത്ത്. 20 കോടിയുടെ പദ്ധതിയില്‍ 14.5 കോടി രൂപ ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിനും ബാക്കിയുള്ള തുക ആശുപത്രി നിര്‍മാണത്തിനുമാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചോ ഓഡിറ്റ് സംബന്ധിച്ചോ ധാരണാപത്രത്തില്‍ പരാമര്‍ശമില്ല.
കഴിഞ്ഞ വര്‍ഷം ജൂലായ് പതിനൊന്നിനാണ് യു.എ.ഇ. റെഡ് ക്രെസന്റ് അതോറിറ്റിയുടെ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദീക്ക് അല്‍ ഫലാഹി ഒന്നാം പാര്‍ട്ടിയും ലൈഫ് മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യു.വി. ജോസ് രണ്ടാം പാര്‍ട്ടിയുമായി ധാരണാപത്രം ഒപ്പിട്ടത്. ഏഴു പേജുള്ള ധാരണാപത്രത്തിൽ പത്തു മില്യണ്‍ ദിര്‍ഹത്തിന്റെ കരാറാണ് ഒപ്പുവെക്കുന്നത്. ഇതില്‍ 14.5 കോടി ഭവന സമുച്ചയ നിര്‍മാണത്തിനും ബാക്കി തുക ആശുപത്രി നിര്‍മാണത്തിനുമാണ് മാറ്റിവെച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു നടത്തുന്ന ഒരു പ്രോജക്ട് എന്ന വിശേഷണമാണ് ധാരണാപത്രത്തിലുള്ളത്. തങ്ങള്‍ നോണ്‍ പ്രൊഫിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ആണെന്നും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ധനവിനിയോഗം നടത്താറുണ്ടെന്നും റെഡ് ക്രെസന്റ് ധാരണപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഓരോ പദ്ധതി നടപ്പാക്കുമ്പോഴും അതിന് വ്യക്തമായ ഒരു കരാര്‍ സര്‍ക്കാരും റെഡ് ക്രെസന്റും തമ്മില്‍ വെക്കേണ്ടതുണ്ട്. ലൈഫ് മിഷനും റെഡ് ക്രെസന്റും തമ്മില്‍ ഏതെങ്കിലും വിധത്തില്‍ തര്‍ക്കമുണ്ടാവുകയാണെങ്കില്‍, പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കണം.
എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കരാറില്‍നിന്ന് പിന്മാറാമെന്നും ധാരണാപത്രത്തില്‍ പറയുന്നുണ്ട്.
സര്‍ക്കാര്‍ പങ്കാളി ആയിട്ടും സാമ്പത്തിക ഓഡിറ്റിങ്ങിനെ കുറിച്ച് കരാറില്‍ പറയുന്നില്ല. തുടര്‍ പദ്ധതികള്‍ക്ക് പ്രത്യേകം തുടര്‍ കരാര്‍ വെക്കണം എന്ന നിബന്ധന പാലിക്കപ്പെട്ടിട്ടില്ല. തുടര്‍ കരാറുകള്‍ ഒപ്പിട്ടിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.