മെൽബൺ : ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളായ ഡെലീസ കിമ്മിൻസും (31), ലോറ ഹാരിസും (29) കഴിഞ്ഞ ദിവസം വിവാഹിതരായി . ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹ വാർത്ത ഇരുവരും പരസ്യമാക്കിയത്. ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കോവിഡ് വ്യാപനത്തെ തുടർന്നാണ് നീട്ടിവച്ചത്.
2018–19 സീസണിൽ വനിതാ ബിഗ് ബാഷ് ലീഗ് വിജയത്തിനു പിന്നാലെ ലോറ ഹാരിസാണ് കിമ്മിൻസിനോട് പ്രണയാഭ്യർഥന നടത്തിയത്. അന്ന് ബ്രിസ്ബെയ്ൻ ഹീറ്റ്സിനായി ഫൈനലിൽ വിജയ റൺ നേടിയത് ലോറ ഹാരിസായിരുന്നു. വനിതാ ബിഗ് ബാഷ് ലീഗിൽ തുടർച്ചയായി മൂന്നു സീസണിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സിന്റെ താരമായിരുന്നു ലോറ ഹാരിസ്. 2018–19 സീസണിലെ കലാശപ്പോരിൽ ഫോറടിച്ച് ടീമിന് കിരീടം സമ്മാനിച്ച് പ്രശസ്തയായി. 2016–17 സീസണിൽ ക്വീൻസ്‌ലാൻഡ് ജഴ്സിയിലായിരുന്നു ലോറയുടെ ബിഗ് ബാഷ് ലീഗ് അരങ്ങേറ്റം.
ആസ്ട്രേലിയയുടെ ദേശീയ വനിതാ ടീമിൽ അംഗമായിരുന്ന ഡെലീസ കിമ്മിൻസ് 16 ഏകദിനങ്ങളിലും 42 ട്വന്റി- 20 മത്സരങ്ങളിലും ഓസീസ് ജഴ്സിയണിഞ്ഞു. തന്റെ രണ്ടാമത്തെ ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച് ശ്രദ്ധേയയായി. ഒടുവിൽ നടന്ന ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയ ഓസീസ് ടീമിലും അംഗമായിരുന്നു.
മുൻഗാമികൾ ഇവർ
സ്വവർഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ പുതുചരിത്രമെഴുതിയത് ന്യൂസീലൻഡ് വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റർത്‌വൈറ്റും ലീ തഹൂഹുവുമാണ് . ഇവർക്ക് ഈ വർഷമാദ്യം കുഞ്ഞുജനിച്ചിരുന്നു.
ദക്ഷിണാഫ്രിക്കൻ വനിതാ ടീം നായിക ഡെയ്ൻ വാൻ നീകർക്കും സഹതാരം മാരിസാൻ കാപ്പും ഇവർക്കു പിന്നാലെ വിവാഹിതരായി.
തുടർന്ന് ന്യൂസീലൻഡിന്റെ ഹീലി ജെൻസണും ആസ്ട്രേലിയയുടെ നിക്കോളാ ഹാൻകോക്കും സ്വവർഗ വിവാഹത്തിലൂടെ ജീവിതത്തിൽ ഒന്നിച്ചു