pic

തിരുവനന്തപുരം:സ്പ്രിംഗ്ലർ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ സമിതി സർക്കാർ പുനഃസംഘടിപ്പിച്ചു. സമിതിയിൽ മുൻ സൈബർ സെക്യൂരിറ്റി കോർഡിനേറ്ററായ ഡോ.ഗുൽഷൻ റായെയാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 10 വരെ നീട്ടി. ഒരു മാസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ സ്പ്രിംഗ്ലർ വിവാദമുണ്ടായി 100 ദിവസങ്ങൾ കഴിഞ്ഞിട്ടും സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല.

നാലു കാര്യങ്ങളാണ് സർക്കാർ അന്വേഷണ സമിതിയെ എൽപ്പിച്ചിരുന്നത്. കൊവിഡ് രോഗികളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം സ്പ്രിംഗ്ലറുമായുള്ള കരാറിൽ ഉറപ്പാക്കിയിട്ടുണ്ടോ.സ്പ്രിംഗ്ലറുമായി കരാറിലേർപ്പെട്ടപ്പോൾ നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടോ.എന്തെങ്കിലും വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ കൊവിഡ് രോഗം ഉയർത്തുന്ന സാഹചര്യം അവ അനിവാര്യമാക്കിയിരുന്നോ.ഭാവിയിൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ നൽകാനും സർക്കാർ സമിതിയോട് ആവശ്യപ്പെട്ടിരുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പ്രിംഗ്ലറുമായുണ്ടാക്കിയ കരാറിൽ അഴിമതിയുണ്ടെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് കരാറിന് രൂപം നൽകിയതെന്നും വ്യക്തികളുടെ സ്വകാര്യത സ്പ്രിംഗ്ലർ ലംഘിക്കുകയാണെന്നും പ്രതിപക്ഷം ആരോപണം ഉയർത്തിയിരുന്നു.