philippines

മനില : ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 8.03 ഓടെ മാസ്ബാറ്റെ ദ്വീപിലാണ് ഭൂചലനമുണ്ടായത്. ഇവിടുത്തെ കാറ്റൈൻഗൻ നഗരത്തിൽ നിന്നും ഏതാനും മൈലുകൾ അകലെയുള്ള സമർ സീ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭാവ കേന്ദ്രം. ഭൂചലനത്തിൽ തകർന്ന മൂന്ന് നില കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടെയിൽ നിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തി. 50 ലേറെ പേർക്ക് പരിക്കേറ്റതായാണ് പ്രഥമിക നിഗമനം.

നിരവധി റോഡുകളും തകർന്നിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മറ്റാരുടെയും മരണം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 164,000 ത്തിലേറ കൊവിഡ് കേസുകളുള്ള ഫിലിപ്പീൻസിൽ വൈറസ് വ്യാപനം വർദ്ധിച്ചു വരുന്നതിനിടെയിലാണ് ഭൂചലനത്തിന്റെ വരവ്. 3.8 വ്യാപ്തി വരെയുള്ള 24 ഓളം തുടർച്ചലനങ്ങളും രേഖപ്പെടുത്തിയതായി ഫിലിപ്പീൻസ് സീസ്മോളജി ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ ദ്വീപിൽ റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ചലനത്തിൽ മൂന്ന് പേർ മരിച്ചിരുന്നു.