തിരുവനന്തപുരം: രാജ്യം പദ്മശ്രീ നൽകി ആദരിച്ച കേരളത്തിന്റെ അഭിമാനമായി മാറിയ പ്രശസ്ത വാസ്തു ശില്പി ആർക്കിടെക്ട് ജി. ശങ്കറിനോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ രംഗത്ത്. മുൻ രാഷ്‌ട്രപതി ശ്രി കെ.ആർ നാരായണന്റെ പേരിലുള്ള ദേശീയ സ്മാരകം പണിതിട്ട് ഇന്നുവരെ അതിന് ചിലവായ മൂന്ന് കോടി രൂപ ശില്പിയായ ശങ്കറിന് സർക്കാർ നൽകിയിട്ടില്ലെന്ന് കുമ്മനം പറഞ്ഞു.ശതകോടികളുടെ വൻ തട്ടിപ്പുകളും അഴിമതിക്കഥകളും കൊട്ടിയാടുന്ന സെക്രട്ടറിയേറ്റിന് മുന്നിൽ ചെയ്ത പണിയുടെ കൂലിക്ക് വേണ്ടി ജി.ശങ്കർ കേഴുകയാണെന്നും കുമ്മനം കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുവരെ ചെയ്ത എല്ലാ പദ്ധതികളിൽ നിന്നുമായി 12 കോടിയോളം രൂപ അദ്ദേഹത്തിന് സർക്കാരിൽ നിന്നും കിട്ടാനുണ്ടെന്നും തിരസ്‌ക്കാരത്തിന്റെയും നിന്ദയുടേയും സ്മാരകമാവുകയാണ് കേരളത്തിന്റെ സെക്രട്ടറിയേറ്റെന്നും കുമ്മനം ആരോപിച്ചു. നാടിന്റെ അഭിമാനമായി കെ.ആർ നാരായണന്റെ സ്മാരകം തലഉയർത്തി നിൽക്കുന്നു. ഉജ്ജ്വല സ്മാരകം പണിതുയർത്തിയതിന് പിന്നിൽ പ്രവർത്തിച്ചവരുടെ വിയർപ്പു തുള്ളികൾ അധികൃതർ കാണുന്നില്ല. അഭിമാനം വാനോളം ഉയർന്നെങ്കിലും ശില്പിക്ക് കിട്ടിയത് അപമാനവും അവമതയും മാത്രമാണെന്നും കുമ്മനം തന്റെ പോസ്റ്റിൽ പറയുന്നു.
വാസ്തുകലയിലും നിർമാണ പ്രവർത്തനത്തിലും കേരളത്തിലെ ഏറ്റവും പ്രഗത്ഭനും പ്രമുഖനുമായ പ്രതിഭയാണ് ശങ്കർ. ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിച്ചതിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. കേരളത്തിന് യശസും സർക്കാരിന് വരുമാനവും ശങ്കറിന്റെ സൃഷ്ടികൾ കൊണ്ട് ഉണ്ടായിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു. പണി പൂർത്തിയാക്കി എല്ലാ രേഖകളും സമർപ്പിച്ചു വർഷങ്ങൾ ഏറെയായി ഭരണസിരാകേന്ദ്രത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് ശങ്കറെന്നും വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ശങ്കറിന്റെ പരിവേദനത്തിന് പരിഹാരമുണ്ടാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ശില്പി ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ല. ശതകോടികളുടെ വൻ തട്ടിപ്പുകളും അഴിമതിക്കഥകളും കൊട്ടിയാടുന്ന...
Posted by Kummanam Rajasekharan on Tuesday, 18 August 2020