flush

സഹ സംവിധായികയായി ശ്രദ്ധേയയായ ഐഷ സുല്‍ത്താന സ്വതന്ത്ര സംവിധായികയാകുന്നു. ലാല്‍ ജോസ് ഉള്‍പ്പെടെ ഒട്ടെറെ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഐഷാ തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിച്ച് തന്റെ സ്വന്തം സിനിമയുമായി വരുന്നത്.'ഫ്ലഷ് ' എന്ന് പേരിട്ട സിനിമയുടെ ടൈറ്റില്‍ സംവിധായകന്‍ ലാല്‍ ജോസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ഐഷ സുല്‍ത്താന അവസാനമായി സഹസംവിധായികയായി പ്രവര്‍ത്തിച്ചത് ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയിലാണ്.

'എന്റെ സംവിധാന സഹായിയായി എത്തിയ ഒരാള്‍ കൂടി ഒരു സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെണ്‍കുട്ടിയാണ്. ഐഷ സുല്‍ത്താനയെന്ന ലക്ഷദ്വീപുകാരി. ഐഷയുടെ ചിത്രം ഫ്ലഷിന്റെ പോസ്റ്റര്‍ ഏറെ സന്തോഷത്തോടെ ഞാന്‍ പങ്ക് വയ്ക്കുന്നു' പോസ്റ്ററിനൊപ്പം ലാല്‍ ജോസ് കുറിച്ചു.

'ഫ്ലഷി'ന്റെ ടൈറ്റില്‍ ലുക്കില്‍ ഒറ്റ നോട്ടത്തില്‍ കടല്‍ എന്ന് തോന്നുമെങ്കിലും അതില്‍ ഒളിച്ചിരിക്കുന്ന പെണ്ണുടല്‍ ഇതിനോടകം ശ്രദ്ധിയ്ക്കപ്പെട്ടു കഴിഞ്ഞു. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ കേന്ദ്രീകൃതമായ കഥയാകും ചിത്രം പറയുക. വിഷ്ണു പണിക്കര്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നവംബര്‍ അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സ്റ്റെഫി സേവ്യര്‍ ആണ് കോസ്റ്റ്യൂം ഡിസൈനര്‍. പി.ആര്‍ സുമേരന്‍ ആണ് പിആര്‍ഒ. പുതുമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുക.