ന്യൂഡൽഹി: ഭീകരവാദ സംഘടനായ ഐസിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടറെ പിടികൂടി ദേശീയ അന്വേഷണ ഏജൻസി. ബംഗളുരുവിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിൽ ഒഫ്‍താൽമോളജിസ്റ്റായി ജോലി ചെയ്യുന്ന 28കാരൻ അബ്‌ദുർ റഹ്‌മാനാണ് ഇപ്പോൾ എൻ.ഐ.എയുടെ പിടിയിലായിരിക്കുന്നത്. പരിക്ക് പറ്റിയ ഐസിസ് തീവ്രവാദികളുടെ ചികിത്സയിൽ സഹായിക്കാനായി ഇയാൾ മൊബൈൽ ആപ്പ്ളിക്കേഷൻ തയ്യാറാക്കാൻ സഹായിച്ചു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ എൻ.ഐ.എയ്ക്ക് ലഭിച്ചിരുന്നു.
ഇതുകൂടാത ഭീകരവാദികൾക്ക് ആയുധ സഹായം നൽകുന്നതുമായി ബന്ധപ്പെട്ടും ഇയാൾ ആപ്പ് നിർമിക്കാൻ സഹായം നൽകിയിരുന്നു. ഈ വർഷം മാർച്ചിൽ ഡൽഹിയിലെ ജാമിയ നഗറിൽ നിന്നും അറസ്റ്റിലായ കാശ്മീരി ദമ്പതികളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അബ്‌ദുർ റഹ്‌മാനെക്കുറിച്ചുള്ള വിവരങ്ങൾ ഏജൻസിക്ക് ലഭിച്ചത്.
ജഹാൻസായിബ് സമി വാനി, ഹിന ബഷീർ ബൈഗ് എന്ന് പേരുകളുള്ള ഈ കാശ്‌മീരി ഭാര്യാഭർത്താക്കന്മാർക്ക് ഐസിസിന്റെ ഭാഗമായ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഒഫ് ഘോറസ്ഥാനുമായി അടുത്ത ബന്ധമുണ്ട്.
ഇവർ ഐസിസിന്റെ അബു ദാബി മോഡ്യൂളിന്റെ ഭാഗമായ അബ്‌ദുള്ള ബാസിതുമായി ബന്ധമുള്ളതായും വിവരമുണ്ട്. മറ്റൊരു എൻ.ഐ.എ കേസുമായി ബന്ധപ്പെട്ട് ബാസിത് ഇപ്പോൾ തിഹാർ ജയിലിലാണ്. ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യയും മെസേജിംഗ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച്ഇന്ത്യയിൽ ഭീകരവാദം പടർത്താൻ താൻ സഹായങ്ങൾ നൽകിയിരുന്നു എന്ന് അബ്‌ദുർ റഹ്‌മാൻ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
ഈ ഉദ്യമത്തിനായി ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോണുകളും ലാപ്പ്ടോപ്പുകളും കർണാടകം പൊലീസിന്റെ സാഹായത്തോടെ ബംഗളുരുവിലെ ബാസവൻഗുഡിയിലെ ഇയാളുടെ വീട്ടിൽ നിന്നും എൻ.ഐ.എ കണ്ടെടുത്തു.
ഭീകരവാദ ആശയങ്ങൾ ഇന്ത്യയിൽ പ്രചരിപ്പിക്കാൻ കാശ്മീരി ദമ്പതികളുമായും മറ്റ് സിറിയൻ ഐസിസ് ഭീകരരുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു ഇയാൾ. 2014ൽ സംഘർഷങ്ങളിൽ പരിക്കേറ്റ ഐസിസ് ഭീകരവാദികളെ ചികിത്സിക്കാൻ ഇയാൾ സിറിയയിലേക്ക് പോയിരുന്നു എന്നും അവിടെ പത്ത് ദിവസക്കാലം ഭീകരവാദികളോടൊപ്പം കഴിഞ്ഞ ശേഷം അബ്‌ദുർ റഹ്‌മാൻ ഇന്ത്യയിലേക്ക് തിരിച്ചുവന്നു എന്നും എൻ.ഐ.എ കണ്ടെത്തി.