pc-thomas

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിലും മുന്നണിയിലും പ്രാരംഭ ചർച്ചകൾ ആരംഭിച്ചതായി കേരള കോൺഗ്രസ് നേതാവ് പി.സി തോമസ്. താഴെത്തട്ട് വരെയുള്ള എൻ.ഡി.എ കമ്മിറ്റികൾ ശക്തിപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. ഓരോ ഏരിയകളിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രാദേശികമായ വിഷയങ്ങളിൽ ഊന്നി വേണം തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടത് എന്നാണ് കീഴ് കമ്മിറ്റികൾക്ക് നൽകിയിരിക്കുന്ന നിർദേശം. സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള പൂർണ അധികാരം വാർഡ് കമ്മിറ്റികൾക്കാവും നൽകുക. എല്ലാ ജില്ലകളിലും പരമാവധി സീറ്റിനായി കേരള കോൺഗ്രസ് അവകാശവാദമുന്നയിക്കും. കോട്ടയം, എറണാകുളം ജില്ലകളിലായിരിക്കും കൂടുതൽ സീറ്റുകൾ. മുവാറ്റുപ്പുഴ, ആലപ്പുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇതിനോടകം തന്നെ പ്രാദേശികമായ ധാരണകൾ മുന്നണിയിൽ രൂപപ്പെട്ടിട്ടുണ്ട്. പി.സി തോമസ് 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

കൂടുതൽപേരെ കൊണ്ടുവരും

എൻ.ഡി.എയിലേക്ക് കൂടുതൽപേരെ കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇതു വേണം എന്നാണ് പൊതുവെയുള്ള മുന്നണി തീരുമാനം. കേന്ദ്ര സർക്കാരിന്റെ കർഷക സ്‌കീമുകൾ പരമാവധി കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തുന്നത്. ആദ്യമായി ഒരു ലക്ഷം കോടിയാണ് കേന്ദ്രസർക്കാർ കർഷകർക്ക് വേണ്ടി മാത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ നല്ലൊരു വിഹിതം കേരളത്തിന് കിട്ടാൻ മുന്നണി ശ്രമിക്കും. പാർട്ടി ഇതിനുവേണ്ടി പ്രത്യേകമായൊരു സെൽ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ കഴിഞ്ഞതവണ നാല് സീറ്റുകളിലാണ് കേരള കോൺഗ്രസ് മത്സരിച്ചത്. ഇത്തവണ കുറച്ച് സീറ്റുകൾ കൂടുതൽ മത്സരിക്കും. ഞാൻ മത്സരിക്കുമോയെന്ന് പറയാറായിട്ടില്ല. ഒരുപക്ഷേ അങ്ങനെയൊരു താത്പര്യം വന്നേക്കും. പാർട്ടിയിൽ കുറച്ച് പേർക്ക് ബോർഡ് മെമ്പർ സ്ഥാനം നൽകാമെന്ന് അമിത്ഷാ ഉറപ്പ് നൽകിയിട്ടുണ്ട്. 16 പേരുടെ ലിസ്റ്റാണ് ഞാൻ നൽകിയത്. അതിൽ നാല് പേരുടേത് അംഗീകരിച്ചിട്ടുണ്ട്. അംഗീകരിച്ചതല്ലാതെ ഉത്തരവൊന്നും ഇതുവരെ വന്നിട്ടില്ല.

അതെല്ലാം ഗുണമാവും

കേരളത്തിൽ ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും പരിമിതികളുണ്ട് എന്നത് ശരിയാണ്. എന്നാൽ, ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ഷീണമാണ് ഇടതുമുന്നണി ഇപ്പോൾ നേരിടുന്നത്. എൻ.ഐ.എ അന്വേഷണം കഴിയുന്നതോടെ ആ മുന്നണി തകരാനാണ് സാദ്ധ്യത. യു.ഡി.എഫിനും കുറച്ച് പ്രശ്‌നങ്ങളുണ്ടാകും. യു.ഡി.എഫിലെ ഒരു പാർട്ടിയിലെ ഒത്തിരിപ്പേർ സ്വർണക്കടത്തിൽ പ്രതികളാകും. അത് അടുത്ത തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ച വിഷയമാവുകയും എൻ.ഡി.എക്ക് ഗുണമുണ്ടാവുകയും ചെയ്യും.

ബി.ജെ.പിയുടെ മാത്രം കുറവല്ല

ന്യൂനപക്ഷങ്ങളേയും ബി.ജെ.പിയേയും അടുപ്പിക്കുന്നതിനുള്ള പാലമായി ഞാൻ പ്രവർത്തിക്കും. ക്രിസ്‌ത്യൻ സമൂഹം ഏറ്റവും കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷവും ഇന്ന് ഭരിക്കുന്നത് ബി.ജെ.പിയാണ്. ഗോവയിലും സമാന സ്ഥിതിയാണ്. അങ്ങനെ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നത് കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കും. ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധ പാർട്ടിയല്ല. അവരുടേതായ വോട്ട് ബാങ്ക് വേറെ കാണുമായിരിക്കും. എന്നു കരുതി ബാക്കിയുള്ളവർക്ക് എതിരാണെന്ന് പറയാനാകില്ല. എൻ.ഡി.എയിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ അത് എല്ലാവരുടെയും കുറവാണ്. അല്ലാതെ ബി.ജെ.പിയുടെ മാത്രം കുറവല്ല.

ജോസ് വിഭാഗത്തിന് മടിയില്ല

ജോസ്.കെ മാണിയുടെയും ജോസഫിന്റെയും ഏറ്റവും വലിയ പ്രശ്‌നം ആരാണ് യഥാർത്ഥ പാർട്ടിയെന്നുള്ള കോടതി വിധി ഇതുവരെ വരാത്തതാണ്. ആ വിധി വന്നാൽ അവരിൽ ഒരു വിഭാഗത്തിന് അവർ പറയുന്നത് പോലെ കാര്യങ്ങൾ കൊണ്ടുപോകാൻ സാധിക്കും. ജോസ്.കെ മാണി ഉൾപ്പെടെ പലരുമായും ഞാൻ സംസാരിച്ചിരുന്നു. എൻ.ഡി.എയിലേക്ക് വരാൻ അവർക്ക് യാതൊരു മടിയുമില്ല. അതേസമയം നിയമസഭയിൽ ജയിക്കാനുള്ള സാദ്ധ്യതയാണ് അവരെ സംബന്ധിച്ച പ്രധാനഘടകം. അതിൽ തട്ടിയാണ് ചർച്ചകൾ അവസാനിച്ചത്. കൂടുതൽ പേർ എൻ.ഡി.എയിൽ ഒരുമിച്ച് നിന്നാൽ വിജയസാദ്ധ്യത കൂടുമെന്നായിരുന്നു ഞാൻ അവരെ അറിയിച്ചത്.

ലയന സാദ്ധ്യത അടഞ്ഞു

കെ.എം മാണിയുടെ നിര്യാണത്തിന് മുമ്പ് നാല് കേരള കോൺഗ്രസുകൾ ലയിക്കണമെന്ന് ഒരുമിച്ച് തീരുമാനമെടുത്തിരുന്നു. രഹസ്യ ചർച്ചകൾക്കായി മാണി സാർ എന്നെയാണ് നിയോഗിച്ചത്. 2018 ഒക്‌ടോബർ ഒമ്പതിന് നാല് കേരള കോൺഗ്രസുകളെ ചേർത്ത് ഒരു സമ്മേളനം നടത്താൻ ഞാൻ ആലോചിക്കുകയും അദ്ദേഹത്തോട് പറയുകയും ചെയ്‌തു. ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് മാണി സാർ തീരുമാനം മാറ്റുകയായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ നമ്മൾ ഒരുമിക്കുന്നത് മുന്നണിയിൽ പ്രശ്‌നങ്ങളുണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ചർച്ചയാകാമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തോടെ ആ കേരള കോൺഗ്രസ് തന്നെ രണ്ടായി. ഇപ്പോഴത്തെ സാഹചര്യത്തിൽ ലയനസാദ്ധ്യത അടഞ്ഞ അദ്ധ്യായമാണ്.

പി.എസ്.സി മെമ്പർ സ്ഥാനം

പി.എസ്.സി വഴി നിയമനം വാ‌ഗ്‌ദാനം ചെയ്‌ത് കോഴ വാങ്ങിയെന്ന ആരോപണത്തിൽ കേരള കോൺഗ്രസ് സ്‌കറിയ വിഭാഗം യുവനേതാവ് വിവാദത്തിൽപെട്ടത് വലിയ വാർത്തയായിരുന്നു. എന്നാൽ പി.എസ്.സി മെമ്പർ സ്ഥാനവുമായി ബന്ധപ്പെട്ട ഒരു സംഭവം എനിക്ക് പറയാനുണ്ട്. വി.എസ് സർക്കാരിന്റെ കാലത്ത് ഞാൻ ആ മുന്നണിയിലുണ്ടായിരുന്ന സമയത്ത് ഞങ്ങളുടെ പാർട്ടിക്ക് കിട്ടിയ പി.എസ്.സി മെമ്പർ സ്ഥാനം തിരിച്ചെടുക്കാൻ ഭരണകക്ഷിയിൽപെട്ട ഒരു പാർട്ടിയിലെ നേതാവ് അമ്പത് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അന്ന് വലിയ സമ്മർദ്ദമാണ് എനിക്ക് നേരിടേണ്ടി വന്നത്. അതിന് ഞാൻ വഴങ്ങാത്തതിനാൽ എനിക്ക് ആ നേതാവുമായി തെറ്റേണ്ടിവന്നു.