ചെറുതോണി: കുടുംബപ്രശ്നത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡ് ആക്രമണം. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ ശ്രീജയ്ക്കാണ് ആക്രമണത്തിൽ പൊള്ളലേറ്റത്.ഭർത്താവ് പൊട്ടനാനിക്കൽ അനിലിനെ മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്ത് അടക്കം ആസിഡ് വീണിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് പഞ്ചായത്ത് യോഗം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് സംഭവം. ശ്രീജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് മീറ്റിംഗിന് ഇരുവരും ഒരുമിച്ചാണ് വാത്തിക്കുടിയിൽ എത്തിയത്. മടങ്ങി വീട്ടിലെത്തിയപ്പോൾ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അനിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.