ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന കലാപങ്ങൾക്ക് മുൻ ആംആദ്മി പാര്‍ട്ടി നേതാവും കൗൺസിലറുമായ താഹിർ ഹുസൈൻ 1.02 കോടി രൂപ നൽകിയതായി നൽകിയതായി ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോർട്ട്. എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നതെന്നും ദേശീയ മാദ്ധ്യമായ 'ടൈംസ് നൗ ന്യൂസ്' തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തിക ശ്രോതസ്സ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് താഹിര്‍ ഹുസൈനെ ചോദ്യം ചെയ്‌തിരുന്നു. പ്രതിഷേധത്തിന്റെ മറവില്‍ കലാപം സംഘടിപ്പിക്കുന്നതിന് 2019 ഡിസംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെ 1.02 കോടി രൂപ താഹിർ ചിലവാക്കിയതായാണ് വിവരം. ഇത് കണ്ടെത്താനായി താഹിറിന്റെ ബാങ്ക് അക്കൗണ്ടുകളും ഇ.ഡി പരിശോധിച്ചിട്ടുണ്ട്.
വിവിധ വ്യാജ കമ്പനികളുടെ മറവിലാണ് താഹിര്‍ കലാപകാരികള്‍ക്ക് പണം കൈമാറിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് താഹിറിനെതിരെ കേസും എടുത്തിട്ടുണ്ട്. ഡൽഹിയിലെ നിസാമുദ്ദീന്‍ മര്‍ക്കസിനും കലാപവുമായി ബന്ധമുണ്ടെന്നാണ് സൂചന. മര്‍ക്കസുമായി താഹിറിന് അടുത്ത ബന്ധമുള്ളതായി വിവരമുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ആം ആദ്മി സസ്‌പെൻഡ് ചെയ്ത താഹിർ നിലവിൽ ഡൽഹി പൊലീസിന്റെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.