ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്ടൻ രോഹിത് ശർമ്മയടക്കം അഞ്ച് താരങ്ങളെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്നയ്ക്ക് ഈ വർഷം സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തതായി റിപ്പോർട്ടുകൾ.
വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട്,വനിതാ ഹോക്കി ടീം ക്യാപ്ടൻ റാണി രാംപാൽ,ടേബിൾ ടെന്നീസ് താരം മണിക്ക് ബത്ര,പാരാ ഒളിമ്പ്യൻ മാരിയപ്പൻ തങ്കവേലു എന്നിവരാണ് ശുപാർശപ്പട്ടികയിലുളളത്.29 കായിക താരങ്ങളെ അർജുന അവാർഡിനായും ശുപാർശ ചെയ്തിട്ടുണ്ട്. ക്രിക്കറ്റർ ഇശാന്ത് ശർമ്മ,ആർച്ചർഅതാനുദാസ്,വനിതാ ഹോക്കി താരം ദീപിക താക്കൂർ, കബഡി താരം ദീപക് ഹൂഡ,ടെന്നിസ് താരം ദ്വിജ് ശരൺ തുടങ്ങിയവരും പട്ടികയിലുണ്ട്.ഇന്നലെ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇത് കേന്ദ്ര കായിക മന്ത്രി അംഗീകരിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ആദ്യമായാണ് അഞ്ച് പേരെ ഖേൽരത്നയ്ക്കായി ശുപാർശ ചെയ്തിരിക്കുന്നത്.