കാസർകോട്:കുമ്പള നായിക്കാപ്പിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ക്വട്ടേഷൻ നൽകിയ മുഖ്യപ്രതി പൊലീസ് പിടിയിൽ. കുമ്പള സ്വദേശിയായ ശ്രീകുമാറാണ് പൊലീസ് പിടിയിലായത്. കൊല്ലപ്പെട്ട് ഹരീഷ് ജോലി ചെയ്തിരുന്ന മില്ലിലെ ഡ്രൈവറാണ് ശ്രീകുമാർ.
അതേസമയം ക്വട്ടേഷൻ സംഘത്തിലെ രണ്ടു യുവാക്കളെ കാട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ബദിയടുക്ക റോഡിലെ ശാന്തിപ്പള്ളം കോളനിയിലെ റോഷൻ (20), മണികണ്ഠൻ (19) എന്നിവരാണ് ഒന്നര കിലോമീറ്റർ അകലെയുള്ള കൃഷ്ണ നഗറിലെ ചെടിഗുമ്മേ കാട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. കൂട്ടുകൂടി മദ്യപിക്കാനിരിക്കുന്ന കാട്ടിനുള്ളിലെ സ്ഥിരം താവളത്തിലാണ് ഇന്നലെ വൈകീട്ട് ഇരുവരുടെയും മൃതദേഹം തൂങ്ങിനിൽക്കുന്നതായി കണ്ടെത്തിയത്.ക്വട്ടേഷൻ നൽകിയ ശ്രീകുമാർ പൊലീസിന്റെ പിടിയിലാകുമെന്നറിഞ്ഞതോടെയാണ് യുവാക്കൾ ജീവനൊടുക്കിയതെന്നാണ് സൂചന.
ഓയിൽ മില്ലിലെ ജീവനക്കാരൻ കുമ്പള നായിക്കാപ്പിലെ ഹരീഷ് (38) തിങ്കളാഴ്ച അർദ്ധ രാത്രിയോടെ വെട്ടേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യുവാക്കളുടെ മരണം. തിങ്കളാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷം വീടിന് നൂറു മീറ്റർ അകലെ വച്ചാണ് ഹരീഷിന് വെട്ടേറ്റത്. വഴിയാത്രക്കാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പൊലീസ് എത്തി ഈയാളെ കുമ്പള സഹകരണ ആശുപത്രിയിലും പിന്നീട് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.