ന്യൂഡൽഹി: പത്ത് വർഷത്തിനിടെ ഇന്ത്യൻ വ്യോമസേനയിൽ നിന്നും രാജിവച്ച് പോയത് 798 പൈലറ്റുമാരെന്ന റിപ്പോർട്ടുമായി ദേശീയ മാദ്ധ്യമം. വിവരാവകാശ നിയമം വഴി വ്യോമസേന കൈമാറിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ദേശീയ മാദ്ധ്യമമായ 'ഇന്ത്യ ടുഡേ' ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ രാജിവച്ച് ഒഴിഞ്ഞ പൈലറ്റുമാരിൽ 289 പേർക്ക് സ്വകാര്യ വിമാനങ്ങൾ പറത്താനുള്ള 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' ലഭിച്ചതായും ഇന്ത്യ ടുഡേയുടെ ഓൺലൈൻ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.
2016, 2017 വർഷങ്ങളിലാണ് വ്യോമസേനയിൽ പൈലറ്റുമാരുടെ ഏറ്റവും വലിയ കൊഴിഞ്ഞുപോക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. യഥാക്രമം 100ഉം 114ഉം പൈലറ്റുമാരാണ് ഈ രണ്ടു വർഷങ്ങളിലായി സേന വിട്ടത്. 2015ലാണ് ഏറ്റവും കുറവ് രാജികൾ ഉണ്ടായത്. 37 പേർ. ശരാശരി കണക്കനുസരിച്ച് ഓരോ വർഷവും 80 പൈലറ്റുമാർ വീതം സേന വിടുന്നുണ്ടെന്നാണ് വിവരം.ഫെബ്രുവരി ഒന്ന്, 2018ൽ കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചത് പ്രകാരം, അന്ന് 3,855 പൈലറ്റുമാരായിരുന്നു സേനയിൽ ഉണ്ടായിരുന്നത്.
അനുവദിക്കപ്പെട്ട സേനയിലെ പൈലറ്റുമാരുടെ അംഗബലം 4,231 ആണ്. ഫെബ്രുവരിയിൽ 376 പൈലറ്റുമാരുടെ കുറവായിരുന്നു വ്യോമസേനയിൽ ഉണ്ടായിരുന്നത്. ഇത് വ്യോമസേനയുടെ പോരാട്ട സന്നദ്ധതയെ ആഴത്തിൽ ബാധിക്കുന്നതാണ്. ഒരു ഇന്ത്യൻ വ്യോമസേനാ പൈലറ്റിന് മാസത്തിൽ രണ്ട് ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുന്നത്.
എന്നാൽ സ്വകാര്യ വിമാനങ്ങളിൽ പൈലറ്റായി പോകുമ്പോൾ ശമ്പളം ഇതിന്റെ നാല് മടങ്ങായാണ് ലഭിക്കുക. മിക്ക ഐ.എ.എഫ് പൈലറ്റുകളും 20 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ശേഷമാണ് രാജി നൽകുന്നത്. ഇത് അവർക്ക് പെൻഷൻ ലഭിക്കുന്നതിനും ഇടയാക്കുന്നു. വ്യോമസേനയിൽ നിന്നും രാജിവച്ച് പൈലറ്റുമാർ സ്വകാര്യ വിമാനങ്ങൾ പറത്താൻ പോകുന്നതിനെ തടയാൻ വ്യോമസേനയുടേതായി നിയമങ്ങളോ നയങ്ങളോ നിലവിലില്ല താനും.