നാഗ്പൂർ: ഭർത്താവിനെയും പ്രായ പൂർത്തിയാകാത്ത രണ്ട് കുട്ടികളെയും മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയ ശേഷം ഡോക്ടർ തൂങ്ങി മരിച്ചു. 41 കാരിയായ ഡോ. സുഷമ റാണെയെയാണ് ഭർത്താവായ ധീരജിനെയും 11നും അഞ്ചും വയസുളള കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത നിലയിൽ ഓം നഗറിലെ വീട്ടിൽ കണ്ടെത്തിയത്.
ധീരജിന്റെയും കുട്ടികളുടെയും മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും, സുഷമയുടെ മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിലുമാണ് കാണപ്പെട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. ഇവർക്കൊപ്പം താമസിക്കുന്ന അറുപതുകാരിയായ അമ്മായിയാണ് സംഭവം ആദ്യം കാണുന്നത്. ഇവർ ഏറെ നേരം വാതിലിൽ മുട്ടിയെങ്കിലും ആരും വാതിൽ തുറന്നിരുന്നില്ല. സംഭവ സ്ഥാലത്ത് നിന്നും രണ്ട് സിറിഞ്ചുകളും ഡോക്ടറുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. ഇത് പ്രകാരം സുഷമ ഏറെ പ്രശ്നങ്ങൾ നേരിട്ടുവന്നിരുന്നതായി പൊലീസ് പറയുന്നു.
ഇവർ മയക്കുമരുന്ന് നൽകി ഭർത്താവിനെയും കുട്ടികളെയും അബോധാവസ്ഥയിലാക്കിയ ശേഷം മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് വന്നാൽ മാത്രമെ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുളളുവെന്നും പൊലീസ് പറയുന്നു.