'പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം? മനുഷ്യത്വം മരവിച്ച ഈ ചോദ്യം കേട്ടാൽ ആർക്കായാലും ദേഷ്യം വരും. രണ്ടു- മൂന്നുമാസമായി, കൃത്യമായി ഒരു തസ്തികയില്ലാതെ, ആരു പറയുന്ന എന്തുപണിയും ചെയ്യേണ്ടി വരുന്ന, കൊവിഡിന്റെ പേരിൽ മാത്രം സർക്കാർ നിർബന്ധിച്ച് പണിയെടുപ്പിക്കുന്ന ഒരു ജൂനിയർ ഡോക്ടറോടുളള ആരോഗ്യവകുപ്പിലെ ഒരു ജില്ലാതല മേധാവിയുടെ ചോദ്യമാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ മനോജ് വെളളനാടാണ് തന്റെ പെൺ സുഹൃത്തായ ഡോക്ടർക്ക് നേരിടേണ്ടി വന്ന ദുരനുഭവം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
"ആയിരം സ്ത്രീ ഡോക്ടർമാരുടെ പ്രതിനിധിയായ ഒരു പെൺകുട്ടിയോട് ഒരു ഡോക്ടർ തന്നെ ചോദിച്ച ചോദ്യമാണിത്. ആ ആയിരം പേർക്കിടയിൽ എനിക്ക് വളരെ അടുപ്പമുള്ള ഒരു പെൺകുട്ടിയുടെ കാര്യം പറയാം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഏപ്രിൽ മാസത്തിൽ ഹൗസ് സർജൻസി പൂർത്തിയാക്കി, സർക്കാരിൻ്റെ വാഗ്ദാനത്തിൽ വിശ്വസിച്ച് ആരോഗ്യ വകുപ്പിന്റെ കൊവിഡ് ഡ്യൂട്ടിയിൽ ജോയിൻ ചെയ്തതാണ്. അവൾ ലോണെടുത്താണ് പഠിച്ചത്. ലോണടയ്ക്കണം. വേറെയും കടങ്ങളുണ്ട്. അച്ഛൻ ഡ്രൈവറാണ്. കഴിഞ്ഞ 5 മാസമായി വരുമാനമില്ല. അനിയൻ വിദ്യാർത്ഥിയാണ്. വീട്ടിലെ ചെലവിനും ലോണടയ്ക്കാനും എല്ലാത്തിനും ഈ കുട്ടിയുടെ വരുമാനത്തിലാണ് നിലവിൽ പ്രതീക്ഷ." മനോജ് കുറിച്ചു.
ജോലിയുടെ സ്വഭാവമനുസരിച്ച് സ്വന്തം ജില്ലയിൽ തന്നെയാണ് പോസ്റ്റിംഗെങ്കിലും വീട്ടിൽ പോകാനോ അവരെ കാണാനോ കഴിയില്ല. ഏതെങ്കിലും ആശുപത്രിയിൽ കൊവിഡ് ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യും. രണ്ടാഴ്ച കഴിഞ്ഞ്, ഒരാഴ്ച ക്വാറന്റീൻ. പിറ്റേന്ന്, മറ്റെവിടെങ്കിലും ആയിരിക്കും ജോലി. പി.പി.ഇ -ക്കിറ്റിനകത്തെ ജോലി, കൊവിഡ് പിടിപെടുമോയെന്ന ആശങ്ക, വേണ്ടപ്പെട്ടവരെ കാണാനാവാത്ത അവസ്ഥ, ഇതിനിടയിൽ ശമ്പളം കൂടി കൊടുക്കാതിരുന്നാൽ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. അർഹതപ്പെട്ട ശമ്പളം ചോദിക്കുമ്പോൾ അധികൃതർ തന്നെ മനുഷ്യത്വരഹിതമായ മറുപടി പറഞ്ഞാൽ കേരളം ശരിക്കും വെള്ളരിക്കാ പട്ടണം തന്നെയെന്നും ഡോക്ടർ മനോജ് കുറ്റപ്പെടുത്തി.
അധികാരത്തിന്റെ ചാരുകസേരയിലിരുന്നിട്ട് താഴോട്ട് നോക്കി പെണ്ണുങ്ങൾക്കെന്തിനാ ശമ്പളമെന്ന് ചോദിക്കുന്നവർ മേലോട്ട് കൂടി നോക്കി ഈ ചോദ്യം ചോദിക്കാൻ ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി മുതൽ ഡി.എച്ച്.എസും അഡീഷണൽ ഡി.എച്ച്.എസും സഹ- ഡി.എം.ഒ മാരോടും ഒക്കെ ആദ്യം ചോദിക്ക്, നിങ്ങൾ സ്ത്രീകൾക്കെന്തിനാ ശമ്പളമെന്ന് എന്നിട്ട് വിരട്ടാം പാവം പിള്ളേരെയെന്നും ഡോക്ടർ മനോജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.സർക്കാർ കേവല രാഷ്ട്രീയത്തേക്കാൾ മൂല്യം മനുഷ്യത്വത്തിന് കൽപ്പിക്കുന്നുണ്ടെന്ന് ആത്മാർത്ഥമായി താൻ വിശ്വസിക്കുന്നു.അഞ്ച് മാസമായി 50% ജോലി പോലും ചെയ്യാതിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഉത്സവബത്തയും ബോണസും കൊടുക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും ഈ കുട്ടികളുടെ ശമ്പളം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യത്വമുള്ള സകല മലയാളികളുടെയും അഭ്യർത്ഥനയാണിതെന്നും മനോജ് വെളളനാട് കൂട്ടിച്ചേർത്തു.
''പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം..?'' കേരളത്തിൽ ആരോഗ്യവകുപ്പിലെ ഒരു ജില്ലാതല മേധാവി ഒരു ജൂനിയർ ഡോക്ടറോട് ചോദിച്ച...
Posted by Manoj Vellanad on Tuesday, 18 August 2020