pettimudi

ഇടുക്കി: പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പതിമൂന്നാം ദിനമായ ഇന്നും തുടരും.പെട്ടിമുടിയിൽ നിന്ന് 10 കിലോമീറ്റർ മാറി പുഴയിലാണ് ഇന്ന് തിരച്ചിൽ നടത്തുക. ഒമ്പത് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 61 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധന ഇന്നും തുടരും. ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു . ഇതിൽ അശ്വന്ത് രാജ് (6), അനന്ത ശെൽവം (57) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഗ്രാവൽ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞദിവസം തിരച്ചിൽ നടത്തിയത് . മണ്ണിനടിയിൽ മനുഷ്യരുണ്ടെങ്കിൽ കണ്ടെത്താൻ സഹായിക്കുന്ന റഡാറിന്റെ സഹായവുമുണ്ടായിരുന്നു. ആറ് മീറ്റർ ആഴത്തിൽ വരെ സിഗ്‌നൽ സംവിധാനമെത്തുന്ന റഡാറുകളാണ് തിരച്ചിൽ നടത്തിയത്. ഇതിനായി ചെന്നൈയിൽ നിന്നുള്ള നാലംഗ സംഘമെത്തിയിരുന്നു.

ഇന്നലെ മഴ പെയ്തത് തിരച്ചിൽ ജോലികൾക്ക് ചെറിയ തടസമുണ്ടാക്കി. കാലാവസ്ഥ മോശമായതിനാൽ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിൽ താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ അനുകൂല കാലാവസ്ഥയാണെങ്കിൽ ഡോഗ് സ്‌ക്വാഡും തിരച്ചിലിൽ സജീവമാകും.