india-unlock

ന്യൂഡൽഹി: രാജ്യത്ത് അൺലോക്ക് നാലിന്റെ ഭാഗമായി തീയേറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന് ഉന്നതാധികാരസമിതി കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്‌തു. തീയേറ്ററുകൾ മാത്രമുള്ള സമുച്ചയങ്ങൾക്ക് ആദ്യം അനുവാദം നൽകിയേക്കും. സെ‌പ്‌തംബർ 1 മുതലായിരിക്കും അനുമതി. മാളുകളിലെ മൾട്ടി‌സ്ക്രീനിംഗ് തീയേറ്ററുകൾക്കായിരിക്കും രണ്ടാം ഘട്ടത്തിൽ അനുമതി നൽകുക.

സാമൂഹ്യ അകലം പാലിച്ചായിരിക്കും സ്‌ക്രീനിംഗ് നടത്തുക. കുടുംബാംഗങ്ങൾക്ക് അടുത്തടുത്തുള്ള സീറ്റുകളിൽ ഇരിക്കാൻ അനുമതി നൽകുമെങ്കിലും മറ്റുള്ളവർക്ക് സീറ്റുകൾ ഇടവിട്ട് ഇരിക്കാനായിരിക്കും അനുമതിയെന്നാണ് വിവരം. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരാണ് ഉന്നതാധികാര സമിതിയിലുള്ളത്. സമിതിയുടെ റിപ്പോർട്ടനുസരിച്ചുള്ള കേന്ദ്രസർക്കാർ തീരുമാനം ഈ മാസം അവസാനത്തോടെയുണ്ടാകും.

കഴിഞ്ഞ അഞ്ചുമാസത്തിൽ രാജ്യത്ത് വൻ തൊഴിൽ നഷ്‌ടമുണ്ടായതായാണ് കണക്ക്. ജൂലായിൽ മാത്രം 50 ലക്ഷം ജോലിക്കാർക്ക് തൊഴിൽ നഷ്‌ടമായിട്ടുണ്ട്. സംഘടിതമേഖലയിൽ മാത്രം ആകെ തൊഴിൽ നഷ്ടം രണ്ട് കോടിക്ക് അടുത്ത് വരുമെന്നാണ് കണക്കെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.