jayasankar-jaleel

മന്ത്രി കെ.ടി ജലീലിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ജലീൽ ഖുർആൻ കൊണ്ടുവന്നതിന് ഒരിടത്തും രേഖയില്ലെന്നും അസൂയക്കാർ അങ്ങനെ പലതും പറയുമെന്നുമാണ് ജയശങ്കറിന്റെ പരിഹാസം. ഉമ്മർകോയ മുതൽ ആര്യാടൻ മുഹമ്മദ് വരെയുള്ള കോൺഗ്രസുകാരും മുഹമ്മദ്കോയ മുതൽ അബ്‌ദുറബ്ബ് വരെയുള്ള ലീഗുകാരും മന്ത്രിമാരായിരുന്നെങ്കിലും അവരാരെങ്കിലും ദുബായിൽ നിന്ന് വിശുദ്ധ ഖുർആൻ കൊണ്ടുവന്ന് മലപ്പുറത്ത് വിതരണം ചെയ്തോയെന്നാണ് ജയശങ്കറിന്റെ ചോദ്യം. ജലീലിന്റെ രാജി ആവശ്യപ്പെടുന്നവർ മതേതര ജനാധിപത്യ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊളളാൻ കഴിയാത്ത പരമ പിന്തിരിപ്പന്മാരാണെന്നും അദ്ദേഹം ആക്ഷേപിക്കുന്നു.

ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലപ്പുറം സുൽത്താൻ എന്നറിയപ്പെടുന്ന മന്ത്രി കെ.ടി ജലീൽ ദുബായിൽ നിന്ന് ഖുർആൻ കൊണ്ടുവന്നതിന് കോൺസുലേറ്റിലും രേഖയില്ല, കസ്റ്റംസിലും രേഖയില്ല, സീആപ്റ്റിലും രേഖയില്ല എന്നാണ് ബൂർഷ്വാ പത്രങ്ങൾ അലമുറയിട്ടു കരയുന്നത്. പ്രതിപക്ഷ നേതാക്കൾ അതാവർത്തിക്കുന്നു.

അസൂയക്കാർ അങ്ങനെ പലതും പറയും. നമ്മൾ ഗൗനിക്കേണ്ട.

ഉമ്മർകോയ മുതൽ ആര്യാടൻ വരെ എത്ര കോൺഗ്രസുകാർ, മുഹമ്മദ്കോയ മുതൽ അബ്ദുറബ്ബ് വരെ എത്രയെത്ര ലീഗുകാർ ഇവിടെ മന്ത്രിമാരായിരുന്നു. അവരാരെങ്കിലും ദുബായിൽ നിന്ന് വിശുദ്ധ ഖുർആൻ കൊണ്ടുവന്നു മലപ്പുറത്ത് വിതരണം ചെയ്തോ? ഇല്ല. അതിന് ഈ മതേതര പുരോഗമന നവോത്ഥാന മന്ത്രിസഭാംഗമായ ജലീൽ സാഹിബിനേ കഴിഞ്ഞുളളൂ.ജലീലിന്റെ രാജി ആവശ്യപ്പെടുന്നവർ മതേതര ജനാധിപത്യ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊളളാൻ കഴിയാത്ത പരമ പിന്തിരിപ്പന്മാരാണ്. അവരെ തിരിച്ചറിയുക, ഒറ്റപ്പെടുത്തുക.