തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസും എൻ.ഐ.എയും എൻഫോഴ്സ്‌മെന്റും ചോദ്യം ചെയ്തതിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ കൂടി എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റിന്റെ നിരീക്ഷണത്തിൽ. ഇതിൽ ഒരാൾ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മറ്റേയാൾ ഒരു സുപ്രധാന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും. ഈ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിൽ വരുന്നതാണ്. നേരത്തെ ചില ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഈ ഉന്നത ഉദ്യോഗസ്ഥനെ ഒരു തസ്കിക സൃഷ്ടിച്ച് അവിടേക്ക് മാറ്റുകയായിരുന്നു.
കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായ ഇവരെ വൈകാതെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. എന്നാൽ, ഇവരെക്കുറിച്ചുള്ള വിവരങ്ങളോ ഇവർക്ക് കേസുമായി ഏതുതരത്തിലുള്ള ബന്ധമാണുള്ളത് തുടങ്ങിയ കാര്യങ്ങളോ കേന്ദ്ര അന്വേഷണ ഏജൻസികൾ പുറത്തുവിട്ടിട്ടില്ല. എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും. അതിനുശേഷമാവും ഈ രണ്ട് ഉദ്യോഗസ്ഥരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുക എന്നും സൂചനയുണ്ട്.
ഇതോടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം ഉദ്യോഗസ്ഥതലത്തിൽ ഒരാളിൽ മാത്രം ഒതുങ്ങില്ലെന്ന് വ്യക്തമായി. കള്ളപ്പണം വെളിപ്പിക്കലിന് പിന്നിൽ ഉയർന്ന ഉദ്യോഗസ്ഥരുണ്ടെന്ന് സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള വാദത്തിൽ കോടതിയെ ഇ.ഡി അറിയിച്ചുവെന്ന ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ വിവരം കൂടി പുറത്തുവന്നത്.