ഓണം പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. അസാധാരണമായ ഒരു ഓണക്കാലം. കേട്ടറിവില്ലാത്ത പരിമിതികൾക്കുള്ളിലാണ് മലയാളികൾ ഓണം 'ആഘോഷിക്കാൻ" തുടങ്ങുന്നത്. മൂക്കും വായും മൂടിക്കെട്ടി എങ്ങനെ ആഘോഷിക്കും? സമ്പർക്കം വിലക്കപ്പെട്ട പ്രവൃത്തിയായിരിക്കെ ആഘോഷങ്ങൾ എങ്ങനെ പൊലിക്കും? തോവാളയിൽ നിന്നും കോയമ്പത്തൂരിൽ നിന്നും വരുന്ന പൂക്കൾ എങ്ങനെ വൈറസ് മുക്തമാക്കാം എന്നാലോചിക്കുകയാണ് സ്ഥിരം അത്തപ്പൂ കലാകാരികൾ. എന്തായാലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തന്നെ നമ്മൾ ഓണം ആഘോഷിക്കും.
ഓണത്തെ ഉറ്റു നോക്കിയിരിക്കുന്ന ഒരുപാട് കലാകാരന്മാരും കലാകാരികളുമുണ്ട്. സർക്കാർ തലത്തിൽ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലുമൊക്കെ വർഷം തോറും നടത്തുന്ന ഓണാഘോഷപരിപാടികളുടെ ഗുണഭോക്താക്കൾ ഇവരാണ്. നാടൻ കലകൾ, അനുഷ്ഠാന കലകൾ, ജനപ്രിയ കലാരൂപങ്ങൾ, എന്നിവ അവതരിപ്പിക്കുന്നവർക്ക് സർക്കാർ വക ഓണാഘോഷം വലിയ ആശ്വാസമാണ് . എന്നാൽ കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാഘോഷം മാത്രമല്ല, സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന അവസരങ്ങളും കഴിഞ്ഞ ആറ് മാസമായി നഷ്ടമായി. കഴിഞ്ഞ വർഷം വെള്ളപ്പൊക്കം കാരണം പരിപാടികൾ നഷ്ടപ്പെട്ടത് ഓണക്കാലത്തു മാത്രം. മറ്റവസരങ്ങൾക്ക് തടസ്സമുണ്ടായില്ല. എന്നാൽ ഈ വർഷം ക്ഷേത്രോത്സവങ്ങളില്ല, സാംസ്കാരിക പരിപാടികളില്ല , ചിലർക്കെങ്കിലും വല്ലപ്പോഴും കിട്ടിയിരുന്ന ഗൾഫ് പ്രോഗ്രാമുകളില്ല, സമ്മേളനങ്ങളില്ല, മറ്റവസരങ്ങളില്ല. വരുമാനത്തിന്റെ സ്രോതസ് അടഞ്ഞ കലാകാരുടെ കൂട്ടത്തിൽ എല്ലാ സാമ്പത്തിക നിലയിലുള്ളവരുമുണ്ട്. നല്ല കാലത്തു വലിയ പ്രതിഫലം വാങ്ങിയവർക്ക് ഇനിയും നല്ല കാലം പിറക്കുന്നത് വരെ പിടിച്ചു നിൽക്കാനായേക്കും. എന്നാൽ പലരുടെയും സ്ഥിതി അതല്ല. വളരെ മോശമാണ്. ആത്മാഭിമാനം കൊണ്ട് പലരും പറയുന്നില്ലെങ്കിലും.
കലാകാരന്മാരുടെ അത്യന്തം ദുർബലമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എനിക്ക് അവബോധം ഉണ്ടാക്കിത്തന്നത് ശ്രീ സൂര്യ കൃഷ്ണമൂർത്തിയാണ്. തൊണ്ണൂറുകളുടെ ആദ്യം ഞാൻ ടൂറിസം ഡയറക്ടർ ആയിരിക്കുമ്പോൾ, അനേകം കലാരൂപങ്ങൾ കോർത്തിണക്കിയ, 'തമസോ മാ ജ്യോതിർ ഗമയ" എന്ന ഒരു മികച്ച പരിപാടി കൃഷ്ണമൂർത്തി സംവിധാനം ചെയ്തിരുന്നു. മുന്നൂറിലേറെ കലാകാരന്മാരുടെ ആ പരിപാടി ഡൽഹിയിലൊക്കെ അവതരിപ്പിച്ചു. ആ കലാകാരന്മാരുടെ അർപ്പണബോധവും ലാളിത്യവും നേരിട്ടറിഞ്ഞതും ഇപ്പോൾ ഓർക്കുന്നു. (ഇപ്പോഴും സൂര്യ ഓൺലൈനായി ചില പരിപാടികളൊക്കെ അവതരിപ്പിക്കുന്നുണ്ട്.)
സഞ്ചാരസ്വാതന്ത്ര്യത്തെയും ഒത്തുകൂടാനുള്ള അവസരങ്ങളെയും കൊവിഡ് നിയന്ത്രിക്കുമ്പോൾ ആ പാരതന്ത്ര്യത്തെ നമ്മൾ അതിജീവിക്കുന്നത് ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ്. ഓൺലൈനിലൂടെ മിക്കവാറും എല്ലാ കാര്യങ്ങളും നിർവഹിക്കാൻ നമ്മൾ ശീലിച്ചു കഴിഞ്ഞു. ഇത്രയും ആളുകൾക്കു ഇത്രയും സാങ്കേതിക ജ്ഞാനവും പ്രായോഗിക നൈപുണിയും ആർജിക്കാൻ സാധാരണ ഗതിയിൽ മൂന്ന് നാല് വർഷങ്ങൾ വേണ്ടി വന്നേനെ. നമ്മൾ പക്ഷേ 'കൊറോണാ ശാപം ഉപകാര"മാക്കി മാറ്റി. ഇപ്പോൾ മൂന്നു നാല് വാട്സപ്പ് ഗ്രൂപ്പുകളിലെങ്കിലും അംഗമല്ലാത്തവരായി ആരുണ്ട്? സ്വയം വീഡിയോ എടുത്ത് ഫേസ്ബുക്കിലും ഇൻസ്രാഗ്രാമിലും പോസ്റ്റ് ചെയ്യാനും നമ്മൾ അനായാസേന പഠിച്ചു.
ഇപ്പോൾ മൊബൈൽ ഫോണിൽ (നല്ലൊരു വിഭാഗം ആളുകൾ) സമയം കളയുന്നത് യാതൊരു പ്രയോജനവുമില്ലാത്ത പോസ്റ്റുകൾ വായിച്ചും ഫോർവേഡ് ചെയ്തും അവയെപ്പറ്റി തർക്കിച്ചുമൊക്കെയാണല്ലോ. ചില ആത്മാനുരാഗികൾ ഇഞ്ചിക്കറി ഉണ്ടാക്കുന്നതെങ്ങനെ എന്നും, സർവരോഗ സംഹാരിയായ ഒറ്റമൂലികൾ ഏതൊക്കെയെന്നും സ്വന്തം വീഡിയോകളിലൂടെ വിശദീകരിക്കുന്നു. മട്ടുപ്പാവിൽ പൂത്ത ഓർക്കിഡ് കാണണ്ടേയെന്നും, ഞങ്ങളുടെ നായ്ക്കുട്ടിയെ പരിചയപ്പെടണ്ടേ എന്നും ചിലർ ചോദിക്കുന്നു. നാലാള് കൂടിയാൽ രാഷ്ട്രീയം അല്ലെങ്കിൽ വർഗീയം പറഞ്ഞേ അടങ്ങൂ എന്ന് കരുതുന്ന ഗ്രൂപ്പുകളും കുറവല്ല. സൈബറിടത്തിൽ വിഷവും അമൃതുമൊക്കെ ഒഴുകിപ്പരക്കുന്നുണ്ട്. യാതൊരടിസ്ഥാനവുമില്ലാത്ത പ്രവചനങ്ങളും ഗോസിപ്പുകളും ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. (വായിക്കാനിടയായ ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തിൽ, ഭൂമി തന്നെ കഴിഞ്ഞ മാസം പത്തൊൻപതാം തിയതി ഒരു ഭീമൻ ഉൽക്ക വന്നിടിച്ച് നശിക്കേണ്ടതായിരുന്നു!)
അവസരങ്ങൾ നഷ്ടപ്പെട്ട നമ്മുടെ കലാകാരന്മാരെ വെല്ലുവിളികൾ നിറഞ്ഞ ഈ ഓണക്കാലത്ത് ഓൺലൈനിലൂടെ നമുക്കൊന്ന് സഹായിക്കാൻ ശ്രമിക്കാം. നമുക്കറിയാവുന്ന ഏതാനും കലാ പരിപാടികൾ പ്രതിഫലം കൊടുത്തു റെക്കാഡ് ചെയ്ത് നമ്മുടെ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തുകൂടേ? കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നാടകവും കഥാപ്രസംഗവും മറ്റു സംഗീത നൃത്ത കലാരൂപങ്ങളും ഓൺലൈനിൽ പ്രചരിപ്പിച്ചു കൂടേ? അവസരങ്ങൾ കുറഞ്ഞപ്പോൾ ഒരു കാലത്തു നാടകങ്ങളെ താങ്ങി നിറുത്തിയത് സാംസ്കാരിക സമതികളായിരുന്നല്ലോ. നല്ല സിനിമയെ പ്രോത്സാഹിപ്പിച്ചത് ഫിലിം സൊസൈറ്റികളായിരുന്നല്ലോ. ഇത് ഓൺലൈൻ കാലം. പുതിയ സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ നമ്മുടെ കലാരൂപങ്ങളെയും കലാകാരെയും പ്രോത്സാഹിപ്പിക്കാനുള്ള അവസരമാണല്ലോ ഇത്. ലോകം മുഴുവൻ കാണട്ടെ നമ്മുടെ കലയുടെ കലവറ. പക്ഷേ സൗജന്യമായി റെക്കാഡ് ചെയ്യരുത്. കലാകാരന് മാന്യമായ പ്രതിഫലം കൊടുക്കണം. ഈ ഓണക്കാലത്ത് നമുക്ക് ഒരു കലാകാരനെയോ, കലാകാരിയെയോ, ഒരു നാടകസംഘത്തെയോ പരിരക്ഷിക്കാം. ഓരോ കാലഘട്ടവും പുതിയ വെല്ലുവിളികളും പ്രതിസന്ധികളും തീർക്കുമ്പോൾ ഭാവന കൊണ്ടും ധിഷണ കൊണ്ടും അവയെ അതിജീവിച്ചതാണല്ലോ മാനവ ചരിത്രം.
വാട്സാപ്പ് ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും മാത്രമല്ല, സംഗീത നാടക അക്കാഡമി, ഫോക് ലോർ അക്കാഡമി പോലുള്ള സ്ഥാപനങ്ങൾ, മറ്റു സാംസ്കാരിക സംഘടനകൾ കൂട്ടായ്മകൾ ഇവർക്കെല്ലാം ഇത് ഏറ്റെടുക്കാവുന്നതാണ്. സർക്കാർ സ്ഥാപനങ്ങൾ കേരളത്തിന്റെ കലാരൂപങ്ങൾ അണിനിരത്തിക്കൊണ്ട് അന്താരാഷ്ട്ര ഓൺലൈൻ കലാമേളകൾ സംഘടിപ്പിക്കണം. (ഈ ഓണക്കാലത്തു തന്നെ ഇത് ചെയ്യാവുന്നതാണ്.) കലകൊണ്ടു ജീവിക്കുകയും, ജീവിതം കൊണ്ട് കലയെ സമ്പന്നമാക്കുകയും ചെയ്യുന്ന കലാകാരന്മാർക്ക്/കലാകാരികൾക്ക് വരുമാനവും സുരക്ഷിതത്വവും അന്തസും വീണ്ടെടുക്കാൻ ഇത്തരം പുതിയ സന്നാഹങ്ങൾ കൊണ്ട് കഴിയും. അവർക്കു പുതിയ അവസരങ്ങൾ കൈവരും. കേരളത്തിന്റെ ടൂറിസം മേഖലയിൽ ഇത്തരം പരിപാടികൾ പുതിയ ഉണർവുണ്ടാക്കും. കൊറോണയുടെ കളി നമ്മളോട് വേണ്ടെന്നു പറയാൻ മലയാളിക്ക് സാധിക്കണം.