ന്യൂഡൽഹി: കോൺഗ്രസ് തലപ്പത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ വരണമെന്ന് പ്രിയങ്കഗാന്ധി. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും പാർട്ടി അദ്ധ്യക്ഷരാകണ്ട. ഇക്കാര്യത്തിൽ സഹോദരനായ രാഹുൽഗാന്ധിയുടെ അഭിപ്രായത്തോട് തനിക്ക് പൂർണ യോജിപ്പാണെന്നും പ്രിയങ്ക വ്യക്തമാക്കുന്നു. പുതുതലമുറ നേതാക്കളുടെ അഭിമുഖങ്ങൾ ചേർത്ത് തയ്യാറാക്കിയ 'ഇന്ത്യ നാളെ' എന്ന പുസ്തകത്തിലാണ് പ്രിയങ്ക തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
പാർട്ടി സ്വന്തമായ വഴി കണ്ടെത്തണമെന്നാണ് പ്രിയങ്ക അഭിമുഖത്തിൽ പറയുന്നത്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള അദ്ധ്യക്ഷന് കീഴിൽ പ്രവർത്തിക്കാൻ തയ്യാറാണ്. ഉത്തർപ്രദേശായാലും ആന്തമാൻ നിക്കോബാർ ദ്വീപിലായാലും പാർട്ടി ഏൽപ്പിക്കുന്ന ചുമതല നിർവഹിക്കുമെന്നും പ്രിയങ്ക പറഞ്ഞു. തന്റെ ഭർത്താവിനെതിരായ അഴിമതി ആരോപണങ്ങൾ ഉയർന്ന ആദ്യ ഘട്ടത്തിൽ തന്നെ 13കാരനായ മകന്റെ അടുത്തെത്തിയെന്ന് പ്രിയങ്ക അഭിമുഖത്തിൽ പറയുന്നു. മുഴുവൻ ഇടപാടുകളും സംബന്ധിച്ച് മകന് വ്യക്തത വരുത്തികൊടുത്തു. മകൾക്കും ഇക്കാര്യം വിശദമായി പറഞ്ഞുകൊടുത്തു. മക്കളോട് ഞാനൊന്നും ഒളിക്കാറില്ല. തന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന പിഴവുകൾ പോലും മക്കളോട് പറയുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നു.
സമൂഹമാദ്ധ്യമങ്ങളുടെ സാദ്ധ്യത മനസിലാക്കുന്നതിൽ കോൺഗ്രസ് ഏറെ പിന്നിലായിരുന്നു. അത് മനസിലാക്കിയപ്പോഴേക്കും നഷ്‌ടം സംഭവിച്ചിരുന്നുവെന്നും പ്രീയങ്ക അഭിപ്രായപ്പെടുന്നു. താൻ പാർട്ടി അദ്ധ്യക്ഷനാകാനില്ലെന്ന് രാഹുൽ ഗാന്ധി 'ഇന്ത്യ നാളെ' എന്ന പുസ്‌കത്തിലെ മറ്റൊരു അഭിമുഖത്തിൽ ആവർത്തിക്കുന്നുണ്ട്. ഒരു സാധാരണ പ്രവർത്തകനായി പാർട്ടിയെ സേവിക്കാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുൽ ഒഴിയുന്നത്. അന്ന് മുതൽ പ്രിയങ്ക പാർട്ടി തലപ്പത്തേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അതിനെെയല്ലാം തള്ളിക്കളയുന്ന നിലപാടാണ് പ്രിയങ്ക അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. സോണിയഗാന്ധി താത്ക്കലിക അദ്ധ്യക്ഷയുടെ സ്ഥാനം ഒഴിയുന്നതോടെ പാർട്ടിക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ കണ്ടെത്തേണ്ടി വരമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.