ജയ്പൂർ: കഴിഞ്ഞ വെള്ളിയാഴ്ച ജയ്പൂരിൽ കനത്ത മഴയായിരുന്നു.താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായി. വാഹനങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള പല സാധനങ്ങളും ഒഴുകിപ്പോയി. ഈ സമയം ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാൾ മ്യൂസിയത്തിലെ ഉദ്യോഗസ്ഥർ മറ്റൊരു രക്ഷാപ്രവർത്തനത്തിന്റെ തിരക്കിലായിരുന്നു. എന്താണെന്നല്ലേ?
മ്യൂസിയത്തിൽ വെള്ളം കയറാൻ തുടങ്ങിയപ്പോൾ കാവൽക്കാരുൾപ്പെടെയുള്ള ജോലിക്കാർ പടികൾ കയറി ഈജിപ്ഷ്യൻ മമ്മിയെ(ടുട്ടു) സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള ദൗത്യത്തിലായിരുന്നു. അരയോളം വെള്ളത്തിൽ നിന്ന് മൊബൈൽ ഫോണുകളിലെ ടോർച്ചുകളിൽ നിന്നുമുള്ള ലൈറ്റുകൾ ഉപയോഗിച്ച് ജീവനക്കാർ ഗ്ലാസ് പൊട്ടിച്ച് മമ്മിയെ മ്യൂസിയത്തിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
'ഈ മമ്മി ഞങ്ങളുടെ അതിമനോഹരമായ പുരാവസ്തുവാണ്, 2016 മുതൽ ഇത് കാണാൻ ദൂരെ ദേശത്തുനിന്ന് ആളുകൾ വരാറുണ്ട്. സമയോചിതമായ ഇടപെടലിലൂടെ ഞങ്ങൾ ഇതിനെ സംരക്ഷിച്ചു. ഇത് അമൂല്യമാണ്. കരകൗശല വസ്തുക്കൾ കൂടാതെ, ആയിരക്കണക്കിന് രേഖകളും ഫയലുകളും നനഞ്ഞു. എല്ലാം പഴയപടിയാകാൻ മാസങ്ങളെടുക്കും'-മ്യൂസിയം സൂപ്രണ്ട് രാകേഷ് ചോളക് പറഞ്ഞു.
ഇന്ത്യയിലുള്ള വിരലിലെണ്ണാവുന്ന മമ്മികളിൽ ഒന്നാണ് ഇത്. 887ൽ ജയ്പൂർ രാജാവായിരുന്ന സവായ് ഇഷ്വാർ സിംഗ് ഒരു പ്രദർശനത്തിനു വേണ്ടി കെയ്‌റോയിൽ നിന്നും കൊണ്ടു വന്നതായിരുന്നുവെങ്കിലും പ്രദർശനത്തിനുശേഷം അത് സമ്മാനമായി നൽകുകയായിരിന്നു.