മുംബയ്: കൊവിഡ് മഹാമാരി ലോകത്താകമാനം പടർന്നുപിടിച്ചിരിക്കുകയാണ്. വാണിജ്യ വ്യാപാരരംഗത്ത് ചില്ലറ നഷ്ടടങ്ങളല്ല ഉണ്ടായിരിക്കുന്നത്. എന്നാൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഈ അവസരത്തിൽ ലാഭമുണ്ടായിട്ടുണ്ട്. ഈ വർഷം 20 ബില്യൺ ഡോളറിലധികം സമാഹരിച്ചു. ഏഷ്യയിലെത്തന്നെ ധനികനായ അദ്ദേഹം തന്റെ കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോമിന്റെ ഓഹരി വിറ്റാണ് പണം സ്വരൂപിച്ചത്.
ഇപ്പോൾ മുകേഷ് അംബാനിയുടെ റിലയൻസ് ഇന്റസ്ട്രീസ് ഇ-കൊമേഴ്സ് രംഗത്ത് കൂടുതൽ സജീവമായി പ്രവർത്തിക്കാൻ ഒരുങ്ങുകയാണ്. പല പ്രാദേശിക ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനികളെയും ഏറ്റെടുക്കുകയാണ്. ഇന്ത്യയിലെ ഓൺലൈൻ മരുന്ന് വ്യാപാര രംഗത്ത് ആമസോൺ ചുവടുവച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് റിലയൻസിന്റെ നീക്കം. ചില്ലറ വ്യപാര രംഗത്തും ആമസോണിന് ഭീഷണി സൃഷ്‌ടിക്കുക എന്നതു തന്നെയാണ് പുതിയ ചുവടുവയ്‌പ്പിലൂടെ മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.
ചൊവ്വാഴ്ചയാണ് റിലയൻസ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പ്രമുഖ ഓൺലൈൻ ഫാർമസിയായ നെറ്റ്മെഡ്സിന്റെ ഓഹരികൾ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് സ്വന്തമാക്കിയത്. 620 കോടി രൂപ നിക്ഷേപിച്ച് നെറ്റ്മെഡ്സിന്റെ 60 ശതമാനം ഓഹരിയാണ് റിലയൻസ് വാങ്ങിയത്. ഇക്കാര്യം പത്രകുറിപ്പിലാണ് അറിയിച്ചത്.
ഓൺലൈൻ ഫർണിച്ചർ വിൽപ്പനക്കാരായ അർബൻ ലാഡർ, സിവാം, പാൽ വിതരണ സംരംഭമായ മിൽക് ബാസ്കറ്റ് എന്നിവയെയാണ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസ് വാങ്ങുന്നതിനുള്ള കരാർ റിലയൻസ് അവസാനിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
63കാരനായ മുകേഷ് അംബാനി രാജ്യത്തെ ഇ -കൊമേഴ്സ് ഭീമൻമാരെ ഏറ്റെടുക്കുന്നതിനായി പരിശ്രമിച്ചുവരികയാണ്. തന്റെ റീട്ടെയില്‍ വില്‍പന സാദ്ധ്യത വര്‍ദ്ധിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇതിലൂടെ ആമസോണ്‍ അടക്കമുള്ള ആഗോള ഭീമന്മാരെയും പ്രാദേശിക എതിരാളികളെയും പിന്നിലാക്കാനാണ് ശ്രമം. 2019ൽ റീട്ടെയിൽ വ്യാപാരം ശക്തിപ്പെടുത്താനുള്ള നീക്കം അംബാനി തുടങ്ങിയിരുന്നു. ഈ വർഷം കൊവിഡിലും ഗണ്യമായവിൽപ്പനാണുണ്ടായിരിക്കുന്നത്. ഇതോടെ നീക്കം ശക്തമാക്കി.