sanjay-dutt

മുംബയ്: ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ രോഗത്തെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന അഭ്യർത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ മാന്യത ദത്ത്. മുംബയിലെ കോകിലബെൻ ആശുപത്രിയിൽ സഞ്ജയ് ദത്ത് പ്രാഥമിക ചികിത്സ പൂർത്തിയാക്കുമെന്നും അതിനു ശേഷം മാത്രമേ തുടർ യാത്രാപദ്ധതികൾ തീരുമാനിക്കൂ എന്നും മാന്യത പ്രസ്‌താവനയിൽ അറിയിച്ചു. ഈ കഠിനമായ പോരാട്ടത്തിൽ തന്റെ ഭർത്താവ് തീർച്ചയായും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച മാന്യത ആരാധകർ സഞ്ജയ് ദത്തിനോട് കാണിക്കുന്ന സ്നേഹത്തിന് നന്ദി പറയാനും മറന്നില്ല.

ജീവിതത്തിൽ നിരവധി ഉയർച്ചകളിലൂടെയും വീ‌ഴ്‌ചകളിലൂടെയുമാണ് സഞ്ജു കടന്നുപോയത്. എല്ലാ കഠിനമായ ഘട്ടങ്ങളിലൂടെയും അവനെ മുന്നോട്ട് കൊണ്ടുപോയത് ആരാധകരുടെ പ്രശംസയും പിന്തുണയുമാണ്. അതിൽ ഞങ്ങൾ എല്ലായ്പ്പോഴും നന്ദിയുള്ളവരായിരിക്കും. ഞങ്ങളിപ്പോൾ മറ്റൊരു വെല്ലുവിളിയിലൂടെ കടന്നുപോവുകയാണ്. നിങ്ങൾ ഇതുവരെ കാണിച്ച സ്നേഹവും കരുതലും പ്രാർത്ഥനയും ഇനിയും സഞ്ജുവിന് ഒപ്പമുണ്ടാകുമെന്ന് അറിയാമെന്നും പ്രസ്‌താവനയിൽ മാന്യത പറയുന്നു.

sanjay-dutt

സഞ്ജു തന്റെ ഭർത്താവും മക്കളുടെ അച്ഛനും മാത്രമല്ല. കുടുബത്തിന്റെ ഹൃദയവും ആത്മാവുമാണ്. കുടുംബത്തിനെ ഉലയ്ക്കുന്ന സാഹചര്യങ്ങളെ എന്തുവന്നാലും ഒന്നിച്ചു നേരിടുമെന്ന ദൃഢനിശ്ചയത്തിലാണ് ഞങ്ങൾ. ദൈവവും നിങ്ങളുടെ പ്രാർത്ഥനകളും കൂടെയുണ്ടെങ്കിൽ നമുക്ക് ഒന്നിച്ച് ഈ പോരാട്ടത്തെ അതിജീവിക്കാനും വിജയിക്കാനും സാധിക്കുമെന്നും മാന്യത പ്രസ്‌താവനയിൽ ആരാധകരോടായി പറഞ്ഞു.

ആരോഗ്യകാരണങ്ങളാൽ താൻ ജോലിയിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് നേരത്തെ സഞ്‍ജയ് ദത്ത് വ്യക്തമാക്കിയിരുന്നു. അനാവശ്യമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത് എന്നും എല്ലാവരുടെയും പ്രാർത്ഥനയും ആശംസകളും കാരണം താൻ എത്രയും പെട്ടെന്ന് മടങ്ങിവരുമെന്നുമായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്.

🙏🏻 pic.twitter.com/tinDb6BxcL

— Sanjay Dutt (@duttsanjay) August 11, 2020