job

ന്യൂഡൽഹി: ജൂലായ് മാസം ഇന്ത്യയിൽ 50 ലക്ഷത്തോളം പേർക്ക് സ്ഥിരവരുമാനമുള്ള ജോലികൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയാണ് (സി.എം.ഐ.ഇ) ഇതു സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവിട്ടത്. വർഷം മുഴുവനും ഇന്ത്യയുടെ സാമ്പത്തിക ദുരിതങ്ങൾ തുടരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്ന സമയത്താണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.


സി.എം.ഐ.ഇയുടെ റിപ്പോർട്ട് അനുസരിച്ച്, കൊവിഡിനെത്തുടർന്ന് വ്യാപരസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിതരായതോടെ ഏപ്രിൽ മുതൽ 1.8 കോടിയിലധികം പേർക്കാണ് മാസശമ്പളമുള്ള ജോലി നഷ്ടമായത്. ഒരിക്കൽ നഷ്ടപ്പെട്ട ജോലി നിലവിലെ സാഹചര്യത്തിൽ തിരിച്ചുകിട്ടുക എന്ന് പറയുന്നത് അത്ര എളുപ്പമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

മറ്റ് പ്രധാന സൂചകങ്ങളായ പണപ്പെരുപ്പം, ജി.ഡി.പി, ധനക്കമ്മി എന്നിവ ആശങ്കാജനകമായി തുടരുന്നതിനാൽ സി.എം.ഐ.ഇ പുറത്തുവിട്ട പുതിയ തൊഴിൽ ഡാറ്റ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.

ഏപ്രിലിൽ 1.77 കോടി പേർക്കാണ് ജോലി ഇല്ലാതായത്. ഏപ്രിലിൽ 17.7 ദശലക്ഷം തൊഴിലുകൾ നഷ്ടമായെങ്കിലും ജൂണിൽ 3.9 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. അനൗപചാരിക മേഖലയിലെയും, ഗ്രാമപ്രദേശങ്ങളിലെയും തൊഴിലവസരങ്ങൾ ഏപ്രിൽ മുതൽ വർദ്ധിച്ചുവരികയാണെങ്കിലും, സ്ഥിരവരുമാനമുള്ള ജോലികളുടെ കാര്യത്തിൽ ആശങ്കയുണ്ട്.

സ്ഥിരവരുമാനമുള്ള ജോലികളിൽ ഈ അവസ്ഥ തുടർന്നാൽ, ഇന്ത്യയുടെ അനൗപചാരിക സമ്പദ്‌വ്യസ്ഥയേയും അത് പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഇത് തിരിച്ചുവരവിന് കാലതാമസമുണ്ടാക്കുമെന്ന് അവർ വിശ്വസിക്കുന്നു.