ന്യൂഡൽഹി: കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാജ്യത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും തടസ്സമില്ലാത്ത ജലവിതരണം ഉറപ്പാക്കാൻ ജൽ ജീവൻ മിഷൻ പ്രഖ്യാപിച്ചത്. 2024നകം രാജ്യത്തെ മുഴുവൻ ഗ്രാമീണ മേഖലയിലും ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണിത്. നിലവിൽ ഇന്ത്യയിൽ 12 കോടി ജനങ്ങൾക്ക് ശുദ്ധമായ ജലം ലഭ്യമാകുന്ന സാഹചര്യമില്ലെന്ന ഐക്യരാഷ്‌ട്ര സഭ സംഘടനയായ യുഎൻ-വാട്ടർ റിപ്പോർട്ട് പുറത്തറിഞ്ഞ അവസരത്തിലാണ് ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഏറ്റവും അടുത്ത് നടന്ന സർവേ പ്രകാരം ഒരു വർഷംകൊണ്ട് വൻ മുന്നേറ്റമാണ് പദ്ധതിയിലുണ്ടായിരിക്കുന്നത്. 5 കോടി പത്ത് ലക്ഷം പേർക്കാണ് ജൽ ജീവൻ പദ്ധതിയിലൂടെ ശുദ്ധജല കണക്ഷൻ ലഭിച്ചത്.
ഔദ്യോഗിക രേഖകൾ പ്രകാരം 18.9 കോടി ഗ്രാമീണ ഭവനങ്ങളാണ് രാജ്യത്തുളളത്. ഓഗസ്‌റ്റ് 16 വരെയുളള കണക്കനുസരിച്ച് ഇവരിൽ 27 ശതമാനത്തിനും ശുദ്ധജല പൈപ്പ് കണക്ഷൻ നൽകിക്കഴിഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രവും സംയുക്തമായാണ് ഇതിനുളള നടപടികളുമായി മുന്നോട്ട് പോകുന്നത്. 4വർഷത്തിനുളളിൽ അവശേഷിക്കുന്ന 73 ശതമാനം ജനങ്ങൾക്കും പൈപ്പിലൂടെയുളള ശുദ്ധജലം ലഭ്യമാക്കണം. 2018 വരെ ഗ്രാമീണ ഇന്ത്യയിൽ 18.2 ശതമാനം വീടുകളിൽ മാത്രമാണ് പൈപ്പ് കണക്ഷൻ ഉണ്ടായിരുന്നത്. ഒരു വർഷത്തിനിടെ 9 ശതമാനം കൂടി ഉയർന്നു.
മലിനജലം മൂലമുളള പ്രശ്‌നങ്ങൾ രാജ്യത്ത് നിലവിൽ വളരെയധികമാണ്. മലിനജലം അതിസാരം പോലെയുളള അസുഖങ്ങൾക്ക് കാരണമാകുന്നു. ഇത് രാജ്യത്ത് ശിശുമരണനിരക്ക് വർദ്ധിക്കാൻ ഇടയാക്കുമെന്ന് പുതുച്ചേരി ജിപ്മെർ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസേർച്ച്), ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഗവേഷകരായ സുബിത ലക്ഷ്‌മിനാരായണനും രാമകൃഷ്‌ണൻ ജയലക്ഷ്‌മിയും പറയുന്നു.
ജൽ ശക്തി മിനിസ്‌ട്രിയാണ് ഈ മിഷന്റെ മേൽനോട്ടം. കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്താണ് മന്ത്രാലയത്തെ നയിക്കുന്നത്.
3.5 ലക്ഷം കോടിയുടെ ഈ പദ്ധതിയിൽ 2.2 ലക്ഷം കോടിയാണ് കേന്ദ്രത്തിന്റെ പദ്ധതിവിഹിതം. ദേശീയ ഗ്രാമീണ കുടിവെളള മിഷൻ പദ്ധതിയ്‌ക്ക് കേന്ദ്ര ബഡ്‌ജറ്റിൽ 2019-2020ൽ 10001കോടി രൂപയും 2020-21ൽ 11500 കോടിയും നീക്കി വച്ചിട്ടുണ്ട്. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് ദേശീയ ഗ്രാമീണ കുടിവെളള പ്രോഗ്രാം(എൻആർഡിഡബ്ളുപി) ആണ് ജൽ ജീവൻ മിഷൻ ആയി പരിഷ്‌കരിക്കപ്പെട്ടത്. സർക്കാരിന്റെ ജലവിതരണ പദ്ധതികൾ ലക്ഷ്യമാക്കുന്നതും അവയുടെ ഫലപ്രാപ്‌തിയും തമ്മിൽ വലിയ അന്തരമാണ് രാജ്യത്തുളളതെന്ന് സൗത്ത് ഏഷ്യ നെറ്റ്‌വർക്ക് ഓൺ ഡാംസ് റിവേഴ്‌സ് ആന്റ് പീപ്പിൾ അംഗം ഹിമാംശു ഠാക്കൂർ പറയുന്നു. ഈ തെറ്റായ നടപ്പ് ശൈലി മാറ്റിയെടുത്ത് ശരിയായ രീതിയിൽ കുടിവെളള വിതരണം നടപ്പാക്കിയെടുക്കാനാണ് നരേന്ദ്രമോദി സർക്കാർ ഇച്ഛാശക്തിയോടെ ജൽജീവൻ മിഷനിലൂടെ ഉദ്ദേശിക്കുന്നത്.
2014-15ൽ ആകെ സർക്കാർ വിഹിതത്തിൽ 0.6% ആണ് കുടിവെളള പദ്ധതിക്കായി കേന്ദ്രം ചിലവഴിച്ചതെങ്കിൽ
2018-19ൽ 0.2% ആയി അത് കുറഞ്ഞു. ഇതിനാണ് നടപ്പ് വർഷം 80% പുരോഗതി വന്നിരിക്കുന്നത്. ജനങ്ങൾക്ക് ശുദ്ധജലമെത്തിക്കുന്നതിൽ കേന്ദ്രസർക്കാരിനുളള ആത്മാർത്ഥത ഈ പദ്ധതിയുടെ വലിയ പുരോഗതിക്ക് കാരണമായി.