hijack-bus-

ആഗ്ര: ലോണിന്റെ തവണകൾ മുടങ്ങിയതിനെ തുടർന്ന് ഫിനാൻസ് കമ്പനി ജീവനക്കാർ യാത്രക്കാരോടൊപ്പം ബസ് തട്ടിയെടുത്തു. ആഗ്രയ്ക്കുസമീപം ഇന്ന് പുലർച്ചെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ബസിലുണ്ടായിരുന്ന 34 യാത്രക്കാരും സുരക്ഷിതരാണെന്നാണ് പൊലീസ് പറയുന്നത്.

ഹരിയാനയിൽ നിന്ന് ഗ്വാളിയോറിലേക്ക് പോവുകയായിരുന്ന ബസാണ് തട്ടിയെടുത്തത്. ആഗ്രയ്ക്ക് സമീപത്തെത്തിയപ്പോൾ ചിലരെത്തി ബസ് തടഞ്ഞിട്ടു. തുടർന്ന് ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതായി അവർ അറിയിക്കുകയായിരുന്നു. യാത്രക്കാരിൽ ചിലരാണ് സംഭവം പൊലീസിനെ അറിയിച്ചത്. ബസ് എവിടെയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നത്.

സ്വകാര്യ ധനകാര്യസ്ഥാപത്തിൽ നിന്ന് ലോണെടുത്താണ് ഉടമ ബസ് വാങ്ങിയത്. ലോണിന്റെ തവണകളിൽ ചിലത് മുടങ്ങിയിരുന്നു. ഇത് എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന് അറിയിച്ചിരുന്നതാണ്. ബസ് ഉടമ കഴിഞ്ഞദിവസം മരിക്കുകയും ചെയ്തു. ഇതിനെത്തുടർന്നായിരിക്കാം ബസ് പിടിച്ചെടുത്തതെന്നാണ് പൊലീസ് പറയുന്നത്. യാത്രക്കാരെ ഉടൻ മോചിപ്പിക്കുമെന്നും ധനകാര്യസ്ഥാപന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.