കൊവിഡ് വ്യാപനം ദിനംപ്രതി കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് കൊവിഡിനെതിരെ ഒരു വാക്സിൻ കണ്ടെത്തണമെന്ന പ്രാർത്ഥനയിലാണ് ലോകം മുഴുവൻ. ഇതിനായിട്ടുള്ള പ്രയത്നങ്ങൾ ലോകത്തിന്റെ നാനാഭാഗത്തും നടന്നുകൊണ്ടിരിക്കുകയാണ്.
കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പ്രതീക്ഷാവഹമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യ വിദഗ്ദ്ധരുടെയൊക്കെ പ്രതീക്ഷ ഈ വർഷം അവസാനമോ അടുത്ത വർഷം തുടക്കമോ വാക്സിൻ പുറത്തിറക്കാൻ പറ്റുമെന്നാണ്.
കൊവിഡ് 19 വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഞ്ച് പ്രധാന ചുവടുവയ്പുകൾ ഇതാ...
ആവശ്യമായ അനുമതി ലഭിച്ചാൽ ഈ വർഷം അവസാനത്തോടെ ഓക്സ്‌ഫോർഡ് അസ്ട്രസെനെക്ക വാക്സിൻ ഇന്ത്യൻ ജനതയ്ക്ക് ലഭ്യമാക്കിയേക്കും. ഓക്സ്‌ഫോർഡ് കൊവിഡ് 19 വാക്സിനിൽ രണ്ട്, മൂന്ന് ഘട്ടങ്ങളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിന് പൂനെ ആസ്ഥാനമായുള്ള വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയ്ക്ക് (എസ്‌ഐഐ) ഇതിനോടകം തന്നെ അധികൃതരിൽ നിന്ന് അനുമതി നേടിയിട്ടുണ്ട്.
കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുകയും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അത് സൗജന്യമായി നല്‍കുകയും ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഓക്‌സ്‌ഫോർഡ് സര്‍വകശാലയുമായി ചേര്‍ന്ന് വാക്‌സിന്‍ വികസിപ്പിക്കുന്ന സ്വീഡിഷ്- ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനാക്കയുമായി കരാർ ഒപ്പിട്ടിരുന്നു. ഈ വാക്‌സിന്‍ വിജയകരമാണെന്ന് തെളിയിക്കപ്പെടുകയാണെങ്കില്‍, അത് സ്വന്തമായി നിര്‍മിക്കുകയും 25 ദലശക്ഷം ഓസ്‌ട്രേലിയക്കാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
കൊവിഡ് 19 വാക്സിൻ ഈ വർഷം അവസാനത്തോടെ വിപണിയിൽ ലഭ്യമാക്കുമെന്ന് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം അറിയിച്ചു. വാക്സിന് 1,000 യുവാനിൽ (140 ഡോളർ) കുറവാണെന്ന് കമ്പനി ചെയർമാൻ ലിയു ജിങ്‌ഷെൻ ഒരു ചൈനീസ് ദിനപത്രത്തോട് പറഞ്ഞു.
ലോക രാജ്യങ്ങൾക്ക് കൊവിഡ് 19 വാക്സിൻ എളുപ്പത്തിലും തുല്യമായും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആഗോള ഉടമ്പടി വേണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആവശ്യപ്പെട്ടു. ഇതിനായി, തങ്ങളുടെ കോവാക്‌സ് സംവിധാനത്തില്‍ ചേരാന്‍ കൂടുതല്‍ രാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടു. നിലവില്‍ വിവിധ രാജ്യങ്ങളാണ് സാദ്ധ്യതാ വാക്‌സീനുകളുടെ വികസനത്തിലും വിതരണത്തിലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച കോവാക്‌സിന്റെ ഭാഗമായിട്ടുള്ളത്. ലഭ്യത കൂടി പരിഗണിച്ച് എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സീന്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
അമേരിക്കൻ ബയോടെക്‌നോളജി കമ്പനിയായ മോഡേണ, കൊവിഡ് 19 വാക്സിൻ സംബന്ധിച്ച് മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ നടത്തിയ അമേരിക്കയിലെ ആദ്യത്തെ കമ്പനിയാണ്, അതിന്റെ പരീക്ഷണങ്ങൾക്കായി 30,000 വോളന്റിയർമാരെ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട്.