buffalo

മലപ്പുറം: കാട്ടുപോത്തിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പാട്ടക്കരിമ്പ് പുഞ്ച സ്വദേശികൾ അറസ്റ്റിൽ. പൂക്കോട്ടുംപാടം വനമേഖലയിലാണ് വേട്ട നടത്തിയത്. പോത്തിന്റെ വയറ്റിലുണ്ടായിരുന്ന പൂർണവളർച്ചയെത്തിയ ഭ്രൂണത്തേയും ഇവർ വെട്ടിമുറിച്ച് പങ്കുവച്ചുവെന്നും പൊലീസ് പറയുന്നു.

പുഞ്ചയിലെ ഒരു സ്വകാര്യ എസ്റ്റേറ്റിനു മീതേ പൂപ്പാതിരിപ്പാറക്കു സമീപം ആഗസ്റ്റ് 10ന് വൈകിട്ടാണ് സംഘം വേട്ട നടത്തിയത്. വയർ കീറിയപ്പോഴാണ് പൂർണ വളർച്ചയെത്തിയ ഭ്രൂണം കണ്ടത്. അതിനെയും സംഘം വെട്ടിമുറിച്ചു മാംസം പങ്കുവച്ചു. തുടർന്ന് അവശിഷ്ടങ്ങൾ കാട്ടിൽ തള്ളുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയായ പുല്ലാര നാണിപ്പ എന്ന അബുവിന്റെ വീട്ടിൽ നിന്ന് കഴിഞ്ഞ പത്താം തീയതി വനപാലകർ നടത്തിയ പരിശോധനയിൽ 25 കിലോ മാംസം കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറാം പ്രതി പുഞ്ചനറുക്കിൽ സുരേഷ് ബാബു പിടിയിലായത്. അബു സ്വന്തം തോക്കുപയോഗിച്ചാണ് കാട്ടുപോത്തിനെ വെടിവച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്.

പ്രതികളായ പാറത്തൊടിക ബുസ്താൻ , തലക്കോട്ടുപുറം അൻസിഫ്, ചെമ്മല ആഷിഖ്, പിലാക്കൽ സുഹൈൽ എന്നിവർ ചക്കിക്കുഴി സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കും.