അനവധി അത്ഭുത പ്രകൃതി പ്രതിഭാസങ്ങൾ നിറഞ്ഞ ഗ്രഹമാണ് നമ്മുടെ ഭൂമി. മഴവില്ലും, കൊടുങ്കാറ്റുകളും മുതൽ അത്യപൂർവമായി മാത്രം സംഭവിക്കുന്ന പ്രകൃതി പ്രതിഭാസങ്ങൾ വരെയുണ്ട്. ഇത്തരത്തിൽ രണ്ട് പ്രതിഭാസങ്ങൾ കാണാൻ ഒരു മനുഷ്യന് ഭാഗ്യമുണ്ടായാലോ? അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസയുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ വന്ന പുത്തൻ ചിത്രത്തിൽ ഇത്തരത്തിൽ കാണാൻ നമുക്ക് അവസരം വന്നിരിക്കുകയാണ്.
ബഹിരാകാശത്ത് നിന്നും പകർത്തിയ ചിത്രത്തിൽ ധ്രുവങ്ങളിൽ രാത്രിയിൽ ദൃശ്യമാകുന്ന പ്രത്യേക പ്രകാശ പ്രതിഭാസമായ ധ്രുവ ദീപ്‌തിയും മറ്റൊരു പ്രതിഭാസമായ എയർഗ്ളോയും ഒന്നിക്കുന്നത് കാണാം. രാത്രികാലങ്ങളിൽ അന്തരീക്ഷത്തിൽ നേരിയ അളവിലുളള വെളിച്ചം ദൃശ്യമാകുന്ന പ്രതിഭാസമാണ് എയർഗ്ളോ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഒരു ബഹിരാകാശ സഞ്ചാരിയാണ് ഈ അപൂർവ നിമിഷം ക്യാമറയിൽ പകർത്തിയത്.
ചുരുളുകളോട് കൂടിയ ധ്രുവദീപ്‌തി വലയങ്ങളും ചുവന്ന നിറമുളള എയർഗ്ളോയും തമ്മിൽ കണ്ടുമുട്ടുന്നതാണ് ചിത്രത്തിൽ കാണാനാകുക.അലാസ്‌കൻ ഉപദ്വീപിലാണ് ഇവ കാണപ്പെട്ടത്. അന്തരീക്ഷത്തിന്റെ ഉപരിതലത്തിലെ ഓക്‌സിജൻ, നൈട്രജൻ വാതകങ്ങളും മറ്റ് ചെറു കണികകൾ ചേർന്നാണ് ധ്രുവദീപ്‌തി രൂപം കൊണ്ടത്. സൗരോർജ്ജവും ഭൂമിയുടെ കാന്തികവലയവും തമ്മിൽ ഉണ്ടാകുന്ന പ്രവർത്തന ഫലമായാണ് എയർഗ്ളോ ഉണ്ടായത്.
എട്ട് ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്‌തത്.നാസയുടെ ഈ ചിത്രം കണ്ട ഓരോരുത്തരെയും അത്ഭുത പരതന്ത്രരാക്കിയിരിക്കുകയാണ് ലോകമാകെ.