1. കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനായി പോരാടാന്‍ അതിനെ നയിക്കേണ്ടതില്ല. പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം, രാഹുലിന്റെ നിലപാടിനോട് യോജിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആളാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തേണ്ടത്. നേതൃത്വത്തിലേക്ക് വരാന്‍ കഴിവുള്ള നിരവധി പേര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും പ്രിയങ്ക പറഞ്ഞു. പുതുതലമുറ നേതാക്കളുടെ അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ പുസ്തകത്തിലാണ് ഇരുവരുടെയും പരാമര്‍ശം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തിരികെ എത്തണം എന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.
2. രാജ്യത്ത് കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ ഇനി തുറക്കാമെന്ന് ശുപാര്‍ശ. അണ്‍ലോക്ക് നാലില്‍ സിനിമ ഹാളുകളും തുറക്കാന്‍ അനുവദിക്കണം എന്ന് ഉന്നതാധികാര സമിതിയാണ് ശുപാര്‍ശ നല്‍കി ഇരിക്കുന്നത്. തിയേറ്ററുകള്‍ മാത്രമുള്ള സമുച്ചയങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ അനുവാദം കിട്ടിയേക്കും എന്നാണ് സൂചന. മാളുകളിലെ മള്‍ട്ടിസ്‌ക്രീനുകള്‍ തുറക്കുന്ന കാര്യം അടുത്ത ഘട്ടത്തില്‍ പരിഗണിച്ചേക്കും. കൊവിഡിനെ തുടര്‍ന്നുണ്ടായ ഭീമമായ തൊഴില്‍ നഷ്ടം പരിഗണിച്ചാണ് തീരുമാനം. അഞ്ചുമാസത്തില്‍ രാജ്യത്ത് വന്‍ തൊഴില്‍ നഷ്ടം ഉണ്ടായതായാണ് കണക്ക്. അണ്‍ലോക്ക് പ്രക്രിയ തുടരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ജൂണ്‍ ഒന്ന് മുതലാണ് അണ്‍ലോക്ക് പ്രക്രിയ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയത്. ജൂണ്‍ ഒന്നിന് അണ്‍ലോക്കിന്റെ ആദ്യഘട്ടവും ജൂലൈ ഒന്നിന് അണ്‍ലോക്കിന്റെ രണ്ടാം ഘട്ടവും തുടങ്ങി. ഇപ്പോള്‍ അണ്‍ലോക്കിന്റെ മൂന്നാം ഘട്ടത്തിലാണ് രാജ്യം.
3. നാലാം ഘട്ടം ആരംഭിക്കുന്ന സെപ്തംബര്‍ ഒന്ന് മുതല്‍ സിനിമാഹാളുകള്‍ തുറക്കുക എന്ന നിര്‍ദേശം ആണ് ഉന്നതാധികാര സമിതിയുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സെക്രട്ടറിമാരുടെ സമിതിയാണ് ഈ ശുപാര്‍ശ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കി ഇരിക്കുന്നത്. സിനിമാ ഹാളുകളില്‍ സാമൂഹിക അകലം പാലിച്ച്, കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ജനങ്ങള്‍ക്ക് വരാന്‍ അവസരം നല്‍കണം എന്നാണ് ശുപാര്‍ശ. സാമ്പത്തിക മേഖലയാകെ തുറക്കാനുള്ള തീരുമാനം എടുക്കുമ്പോള്‍ സിനിമാഹാളുകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ല. മാളുകളിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ക്ക് ഈ ഘട്ടത്തില്‍ അനുമതി ലഭിച്ചേക്കില്ല. രണ്ടു ബുക്കിംഗുകള്‍ക്കിടയില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടണം എന്നാണ് നിലവിലെ ശുപാര്‍ശ. ഒരു കുടുംബത്തിലെ ആളുകള്‍ക്ക് തിയേറ്ററിനുള്ളില്‍ അടുത്തടുത്ത് ഇരിക്കാമെന്ന വ്യവസ്ഥയും ശുപാര്‍ശയിലുണ്ട്.
4. പെരിയ ഇരട്ട കൊലപാതക കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ആണ് അന്വേഷണം തടസ്സപ്പെട്ടത്. കേസ് ഏറ്റെടുത്ത് എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അപ്പീല്‍ വന്നതിനാല്‍ തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. നിയമപരമായും സാങ്കേതികപരം ആയുമുള്ള തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്, കേസ് അന്വേഷണം തുടരാന്‍ ആകുന്നില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചത്. 2. കേസ് നേരത്തെ ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷിച്ചത്. സിപിഎം നേതാക്കള്‍ ഉള്‍പ്പടെ ഉള്ളവരെ പ്രതി ചേര്‍ത്താണ് കേസ് എടുത്തത്. അന്വേഷണത്തില്‍ രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടെന്ന് ആരോപിച്ചു മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. അന്വേഷണത്തിന് മറ്റൊരു ഏജന്‍സി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് 2019 സെപ്തംബര്‍ 30ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഈ കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കി.
5.സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശി ആയിശുമ്മയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് മരണം. സംസ്ഥാനത്ത് ഇന്ന് ആറ് മരണങ്ങളാണ് ഔദ്യോഗികമായി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 8ന് മരണമടഞ്ഞ പാലക്കാട് വിളയൂര്‍ സ്വദേശിനി എഴുപത്തി ആറ് കാരി പാത്തുമ്മ , ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു , ആഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂര്‍ സ്വദേശിനി കൗസു , ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി, ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ , ആഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സത്യന്‍ എന്നിവരുടെ പരിശോധനാഫലം കൊവിഡ് പോസിറ്റീവാണെന്ന് എന്‍.ഐ.വി ആലപ്പുഴ സ്ഥിരീകരിച്ചു.
6. ഇതോടെ ആകെ മരണം 175 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐ.വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. അതിനിടെ, പശ്ചിമകൊച്ചിയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു വാര്‍ഡ് കൗണ്‍സിലറും ഉള്‍പ്പെടുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഉള്‍പ്പടെ ഉള്ളവര്‍ സ്വയം നിരീക്ഷണത്തിലാണ്. കോര്‍പ്പറേഷന്‍ ഓഫീസ് ഇന്ന് അണുവിമുക്തം ആക്കും. വെള്ളിയാഴ്ച നടക്കേണ്ട കൗണ്‍സില്‍ യോഗം ഓണ്‍ലൈനായി നടത്താനും തീരുമാനമായി. പശ്ചിമ കൊച്ചിയില്‍ ഇപ്പോഴും രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ച് കൊണ്ടിരിക്കുക ആണ്. കഴിഞ്ഞ ദിവസം പശ്ചിമകൊച്ചിയില്‍ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു
7.കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ബാങ്ക് ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ വരുന്നു. നോണ്‍ ഗസറ്റഡ് തസ്തികകളിലെ നിയമനത്തിനാണ് പൊതു യോഗ്യതാ പരീക്ഷ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യ വത്കരിക്കുന്നതിന് ഉള്ള നിര്‍ദേശവും ഇന്ന് മന്ത്രി സഭായോഗം പരിഗണിക്കും. അമൃതസര്‍, വാരാണസി, ഭുവനേശ്വര്‍, ഇന്‍ഡോര്‍, റായ്പുര്‍, ട്രിച്ചി വിമാനത്താവളങ്ങള്‍ രണ്ടാംഘട്ട സ്വകാര്യ വത്കരണത്തില്‍ ഉള്‍പ്പെടുത്തിയത് ആയി വ്യോമയാന മന്ത്രി അറിയിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രാലയ പാര്‍ലമെന്ററി സമിതി കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി രോഗവ്യാപനം അവലോകനം ചെയ്യും. പ്രതിരോധ വാക്സിന്‍ പരീക്ഷണത്തിലെ ഘട്ടങ്ങളും സമിതി വിലയിരുത്തും. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് ഒപ്പം കൂടുതല്‍ വിമാന താവളങ്ങളുടെ സ്വകാര്യ വത്ക്കരണവും കേന്ദ്രമന്ത്രിസഭാ ചര്‍ച്ച ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.