മുംബയ്: ആയിരം വാക്കുകളെക്കാൾ ശക്തമാണ് ഒരു ചിത്രമെന്ന് വീണ്ടും ഓർമ്മപ്പെടുത്തുകയാണ് അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനി ഇൻസ്‌റ്റഗ്രാമിൽ പങ്കിട്ട കുടുംബചിത്രങ്ങൾ. ഓർമ്മപ്പെടുത്തലുകളും മനോഹരമായ നിമിഷങ്ങളും കളിചിരികളും നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ പങ്കിടാൻ ടീന ലോക ഫോട്ടോഗ്രാഫി ദിനം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് രാവിലെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഭർത്താവ് അനിൽ അംബാനി, അവരുടെ രണ്ട് മക്കളായ അൻമോൽ, അൻഷുൾ, അമ്മായിയമ്മ കോകിലബെൻ അംബാനി, പരേതനായ ധീരുഭായ് അംബാനി എന്നിവരടങ്ങിയ ഓർമ്മ ചിത്രങ്ങളാണുണ്ടായിരുന്നത്.
ഭർത്താവ് അനിലിനൊപ്പമുള്ള ചിത്രത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ജന്മദിനാഘോഷങ്ങൾ, വിവാഹങ്ങൾ, മറ്റ് കുടുംബ ആഘോഷങ്ങൾ എന്നിവയടക്കമുള്ള ചടങ്ങുകളിൽ എടുത്ത ചിത്രങ്ങളാണ് വീഡിയോയിൽ ഉള്ളത്. സ്നാപ്പ്ഷോട്ടുകളുടെ ശേഖരത്തിനൊപ്പം, കുടുംബ ചിത്രങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന ഒരു അടിക്കുറിപ്പും ടീന അംബാനി പങ്കിട്ടു. "ഓരോ ക്ലിക്കും ഒരു ഓർമ്മ കാത്തുസൂക്ഷിക്കുന്നു, ഓരോ ചിത്രവും ഒരു കഥ പറയുന്നു, ജീവിതം നിരന്തരം സഞ്ചരിക്കുമ്പോൾ പോലും ഓരോ ചിത്രവും സമയം മരവിപ്പിക്കുന്നു!" എന്നാണ് അവർ എഴുതിയത്.
വേൾഡ് ഫോട്ടോഗ്രഫി ഡേ ഹാഷ് ടാഗോടെയാണ് ചിത്രം ഇൻസ്റ്റയിൽ പങ്കിട്ടത്. ഇതിനോടകം നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. കൂടുതലായും കുടുംബ ചിത്രങ്ങളാണ് ടീന അംബാനി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിടുന്നത്. വീഡിയോയിലുള്ള രണ്ട് ചിത്രങ്ങൾ കഴിഞ്ഞ ഫെബ്രുവരിൽ അമ്മായിയമ്മയായ കോകിലബെന്നിന് ജന്മദിനാശംസകൾ നേർന്ന് ടീന പോസ്‌റ്റ് ചെയ്‌തിട്ടുണ്ടായിരുന്നു.