മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങുന്ന
ആര്യയുടെവിശേഷങ്ങൾ
ഒരല്പം പഴക്കമുള്ള കഥയാണ്. ആര്യയ്ക്കും ആര്യയുടെ ഒരു സുഹൃത്തിനും ഒരിക്കൽ ഒരു അവാർഡ് കിട്ടി. ജീവിതത്തിലാദ്യമായി കിട്ടുന്ന അവാർഡ്. ആൾക്കാരുടെ സമയവും സൗകര്യവുമൊക്കെ നോക്കി സമ്മാനിക്കുന്ന
'ന്യൂജെൻ" അവാർഡുകളിലൊന്ന്. കൊല്ലത്ത് വച്ചാണ് അവാർഡ് നൈറ്റ്.
ആര്യയ്ക്ക് മിനിസ്ക്രീനിലെ മികച്ച ഫീമെയിൽ ആങ്കറിനും നടന് യൂത്ത് ഐക്കൺ അവാർഡും.
'' അവാർഡ് വാങ്ങാൻ പോകാൻ യാത്രാക്കൂലിയും താമസ സൗകര്യവുമൊക്കെ തര്വോ?"" നടന്റെ ചോദ്യം കേട്ടപ്പോൾ ആര്യ അന്തംവിട്ടുപോയി.
''എടാ... ഞങ്ങളുടെ കെയർ ഓഫിൽ വന്ന അവാർഡാ.. കൊല്ലം വരെ പോകാൻ നിനക്ക് ടി.എയും അക്കോമഡേഷനും!
നിനക്ക് വേണമെങ്കിൽ വാങ്ങിച്ചാ മതി. ഇല്ലെങ്കിൽ അവാർഡ് വേറെ ആർക്കെങ്കിലും കൊടുക്കും."" ആര്യ പറഞ്ഞു
'' അപ്പോ ടി.എയും അക്കോമഡേഷനും ഒന്നും കിട്ടില്ല അല്ലേ?""വീണ്ടും അവന്റെ ചോദ്യം.
''തിരുവനന്തപുരത്ത് നിന്ന് കൊല്ലംവരെ വരുന്നതിന് എന്തിനാടാ അക്കോമഡേഷൻ?
അവാർഡ് ദാനച്ചടങ്ങ് നടക്കുന്ന ദിവസം ആര്യ നേരത്തേ ഓഡിറ്റോറിയത്തിലെത്തി. അപ്പോ ദേ നടന്റെ ഫോൺ"" ''ഓഡിറ്റോറിയം എ.സിയാണോ?""
''അറിഞ്ഞിട്ടെന്തിനാ? എ.സിയില്ലെങ്കിൽ നീ അവാർഡ് വാങ്ങാൻ വരില്ലേ? ""ആര്യയ്ക്ക് ദേഷ്യം വന്നു.
'' അല്ല എ.സി ഹാൾ ആണെങ്കിൽ എനിക്ക് ജാക്കറ്റിട്ട് വരാമായിരുന്നു. എ.സിയില്ലെങ്കിൽ ഞാൻ വെറുതേ ഷർട്ട് ഇൻസേർട്ട് ചെയ്തുവരാം."" ആ സംഭവം ഒാർക്കുമ്പോൾ ആര്യയ്ക്ക് ഇപ്പോഴും ചിരിയാണ്.
'' സീരിയൽ ആർട്ടിസ്റ്റുകൾ പലരും മിഡിൽ ക്ളാസ് ഫാമിലിയിൽ നിന്ന് വരുന്നവരായിരിക്കും. അവർക്കാണ് ബഡായി പറച്ചിലും പൊങ്ങച്ചവും കൂടുതൽ. നേരത്തേ പറഞ്ഞ യൂത്ത് ഐക്കണിന്റെ കാര്യം തന്നെ ഉദാഹരണം. വീട്ടിൽ പുള്ളിക്കാരന്റെ റൂമിൽ മാത്രമേ എ.സിയുള്ളു. മുറിയിൽ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുണ്ട്. ഉപയോഗിക്കുന്നത് ഹൈ സെൽഫോൺ! വീടിന്റെ കാര്യങ്ങൾ മുഴുവൻ ഞാനാ നോക്കുന്നേ. വാഷിംഗ് മെഷീനുണ്ട്. ഞാൻ വാങ്ങിച്ച വാഷിംഗ് മെഷീൻ. വീട്ടിൽ മറ്റാരുടെയും തുണികൾ അതിൽ അലക്കാൻ ഞാൻ സമ്മതിക്കില്ല. എന്റെ തുണി മാത്രം. ഇലക്ട്രിസിറ്റി ബില്ലടയ്ക്കുന്നത് ഞാനല്ലേ! വീട്ടിൽ പാലും ബൂസ്റ്റുമൊക്കെ വാങ്ങും. അത് പക്ഷേ എനിക്ക് മാത്രം! കാശ് മുടക്കുന്നത് ഞാനല്ലേ."" ഈ ലെവലിലാണ് പുള്ളിയുടെ 'തള്ള്". ആ തള്ള് കേൾക്കാൻ ഞങ്ങൾ കൂട്ടുകാരൊത്ത് കൂടുമ്പോൾ പുള്ളിക്കാരനോട് വെറുതേ വീട്ടുകാര്യങ്ങൾ ചോദിക്കും. തള്ളാണെങ്കിലും കേൾക്കാൻ രസമല്ലേ.
മുകേഷേട്ടന്റെ കൂടെ ഒരു ചാനൽ പരിപാടിയിൽ ഞാൻ അവതാരികയായി പ്രവർത്തിച്ചിരുന്നു. കഥകളുടെ ആശാനാണെങ്കിലും ഭാഗ്യത്തിന് മുകേഷേട്ടൻ ഇതുവരെ എന്നെപ്പറ്റി കഥകളൊന്നുമുണ്ടാക്കിയിട്ടില്ല.
ആങ്കറിംഗ്, സീരിയൽ, സിനിമ.ഇതിൽ ഏതാണ് എന്റെ ഫോക്കസെന്ന് പലരും ചോദിക്കാറുണ്ട്. എന്നെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹം. പാട്ടു പാടാനറിയില്ല. അറിയാമായിരുന്നെങ്കിൽ ഞാൻ അതും പരീക്ഷിച്ചേനെ.
കുഞ്ഞിരാമായണമാണ് ഞാനഭിനയിച്ച സിനിമകളിൽ ഏറ്റവും ക്ളിക്കായത്.അതിൽ ഹ്യൂമർ ടച്ചുള്ള വേഷമായിരുന്നു. ബഡായി ബംഗ്ളാവിൽ ഒരു പൊട്ടിപ്പെണ്ണായി രജിസ്റ്റർ ചെയ്യപ്പെട്ട് പോയത് കൊണ്ട്അത്തരം വേഷങ്ങളാണ് എന്നെ തേടി വരുന്നതിലേറെയും. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടരുതെന്ന ഒരാഗ്രഹമുണ്ട്. പാ. വ (പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും) യിൽ വ്യത്യസ്തമായ കാരക്ടറായിരുന്നു . ഒരു കന്യാസ്ത്രീയുടെ വേഷം. മമ്മൂക്കയോടൊപ്പം തോപ്പിൽ ജോപ്പനിലും ഗാനഗന്ധർവനിലും അഭിനയിച്ചു .