തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് ജില്ലയിലെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലും പരിസരങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നതുൾപ്പടെ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ കഴിഞ്ഞദിവസം കൂടിയ വ്യാപാര വ്യവസായ വാണിജ്യ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു. ജനങ്ങൾക്ക് പരമാവധി അസൗകര്യം ഉണ്ടാവാത്ത രീതിയിലായിരിക്കും നിയന്ത്രണങ്ങൾ നടപ്പാക്കുക. നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ ജില്ലാകളക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്. .
പ്രധാന നിർദ്ദേശങ്ങൾ
സ്ഥാപനങ്ങളിലും പരിസരങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥർ സ്വീകരിക്കണം. സ്ഥാപനത്തിനുളളിൽ ഒരേസമയം ഉൾക്കൊളളാവുന്ന ആളുകളുടെ എണ്ണം പ്രത്യേകം പ്രദർശിപ്പിക്കണം. സാമൂഹ്യ അകലം ഉറപ്പുവരുത്താൻ ക്യു, ടോക്കൺ സംവിധാനം എന്നിവ ഏർപ്പെടുത്താം. ആളുകൾ നിൽക്കേണ്ട സ്ഥാനങ്ങൾ തറയിൽ അടയാളപ്പെടുത്തേണ്ടതാണ്.
കൊവിഡ് പ്രോട്ടോകോൾ ലംഘിക്കപ്പെടുന്നില്ല എന്ന് പൊലീസ് ഉറപ്പുവരുത്തണം. വീഴ്ചവരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. കൊവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക ടീമിനെ ഏർപ്പെടുത്തണം. ഓരോ താലൂക്കിലും ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ കുറഞ്ഞത് അഞ്ച് സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ച് കൊവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഫീൽഡ് പ്രവർത്തനം ശക്തിപ്പെടുത്തുകയും വേണം.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ആഗസ്റ്റ് മാസം അവസാന ആഴ്ചയിൽ വരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ചന്തകളിലും മറ്റു വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും പതിവിൽ കൂടുതൽ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഈ സ്ഥലങ്ങളിൽ സാമൂഹിക അകല പാലനം ഉണ്ടായില്ലെങ്കിൽ അതിതീവ്രമായ കോവിഡ് വ്യാപനം നടന്നേക്കാം. ഇത് മുന്നിൽകണ്ടുകൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 18.08.2020 ന് തിരുവനന്തപുരം ജില്ലയിലെ വ്യാപാര വ്യവസായ വാണിജ്യ പ്രതിനിധികളുടെ യോഗം ചേരുകയും സ്ഥാപനങ്ങളിലും പരിസരങ്ങളിലും സാമൂഹിക അകലപാലനം ഉൾപ്പെടെയുള്ള കോവിഡ്19 നിർവ്യാപന പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഓണക്കാലത്ത് ചന്തകളിലും മറ്റു വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന തിക്കും തിരക്കും ഒഴിവാക്കുന്നതിനും ജനങ്ങൾക്ക് പരമാവധി അസൗകര്യം ഉണ്ടാകാത്ത രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾക്ക് സജ്ജീകരിക്കുന്നതിന്, 2005 ലെ ദുരന്തനിവാരണ നിയമവകുപ്പിലെ 30, 34 എന്നീ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിച്ച ഉത്തരവിലെ നിർദ്ദേശങ്ങൾ:
1) വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥർ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും പരിസരങ്ങളിലും വ്യക്തികളുടെ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്.
• സ്ഥാപനത്തിനുള്ളിൽ ഒരേസമയം ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണം പ്രത്യേകം പ്രദർശിപ്പിക്കേണ്ടതാണ്.
• സാമൂഹിക അകലം അകലെ ബാലനും ഉറപ്പുവരുത്തുന്നതിന് ക്യു സംവിധാനം, ടോക്കൺ സംവിധാനം എന്നിവ ഏർപ്പെടുത്തേണ്ടത്.
• തറയിൽ ആളുകൾ നിൽക്കേണ്ട സ്ഥാനങ്ങൾ അടയാളപ്പെടുത്തേണ്ടതാണ്.
2) പോലീസ് ഇത്തരം സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നില്ലെന്നും സാമൂഹിക അകല പാലനം ഉൾപ്പെടെയുള്ള കോവിഡ്19 നിർവ്യാപന പ്രോട്ടോകോൾ ലംഘിക്കപ്പെടുന്നില്ല എന്നും ഉറപ്പു വരുത്തേണ്ടതാണ്.
• വീഴ്ചവരുത്തുന്നവർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരം നടപടി സ്വീകരിക്കേണ്ടതാണ്.
3) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നില്ലെന്നും സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ്19 നിർവ്യാപന പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ടീമിനെ ഉപയോഗിക്കേണ്ടതാണ്.
• കോവിഡ്19 നിർവ്യാപന പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 2020ലെ കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും, 1960 ലെ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരവും നടപടി സ്വീകരിക്കേണ്ടതാണ്.
4) തഹസിൽദാർ ആൻഡ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഓരോ താലൂക്കിലും ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ കുറഞ്ഞത് അഞ്ച് സ്‌പെഷൽ സ്‌ക്വാഡുകൾ രൂപീകരിച്ച വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ കോവിഡ്19 നിർവ്യാപന പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഫീൽഡ് പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതാണ്.
• വോളണ്ടിയർമാരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി ഇൻഫർമേഷൻ എഡ്യൂക്കേഷൻ കമ്മ്യൂണിക്കേഷൻ (കഋഇ) മാർഗ്ഗങ്ങൾ അവലംബിച്ച് പൊതു ജനങ്ങളിൽ ബോധവൽക്കരണം നടത്തേണ്ടതുമാണ്.
• വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കോവിഡ്19 നിർവ്യാപന പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ് 2020 പ്രകാരവും ക്രിമിനൽ നടപടിക്രമം പ്രകാരവുംനടപടി സ്വീകരിക്കേണ്ടതാണ്
.