hicourt

കൊച്ചി: കൊവിഡ് രോഗികളുടെ കോൾ ഡീറ്റെയിൽസ് റെക്കോർഡ് ശേഖരിക്കുന്ന വിഷയത്തിൽ ഹൈക്കോടതിയിൽ നിലപാട് മാറ്റി സർക്കാർ. രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കുന്നില്ലെന്നും പകരം ടവർ ലൊക്കേഷൻ മാത്രമാണ് ശേഖരിക്കുന്നത് എന്നുമാണ് കോടതിയെ സർക്കാർ അറിയിച്ചത്. കൊവിഡ് രോഗികൾ ക്വാറന്റീൻ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും സമ്പർക്കപ്പട്ടിക കണ്ടെത്താനുമാണ് ഇത്. കോൾ ഡീറ്റെയിൽസ് റെക്കോർഡ് ശേഖരിക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.

സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ കോൾ ഡീറ്റയിൽസ് റെക്കോ‌ർ‌ഡ് പൂർണമായും ശേഖരിക്കാനായിരുന്നു സർക്കാരിന്റെ ആദ്യത്തെ തീരുമാനം. ടവർ ലൊക്കേഷൻ മാത്രം മതിയെങ്കിൽ പ്രശ്‌നമില്ലെന്നും മറ്റ് രേഖകൾ വേണമെങ്കിൽ വെള്ളിയാഴ്ച വിശദമായ സത്യവാങ്മൂലം നൽകണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.വ്യക്തികളുടെ ടവർ ‍ലൊക്കേഷൻ മാത്രമായി ലഭിക്കുമോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ സാങ്കേതികപരമായ ചില സംശയങ്ങൾ കോടതി ഉന്നയിച്ചു. ഇതെല്ലാം വ്യക്തമാകുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വിശദീകരണം നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും എതിർകക്ഷികളാക്കിയാണ് ഹർജി കോടതിയിലെത്തിയത്.

മുത്തുസ്വാമി കേസിൽ അടക്കമുള്ള സുപ്രീം കോടതി വിധികൾ ചൂണ്ടിക്കാണിച്ച്‌ സർക്കാർ നിലപാട് ഭരണഘടന വിരുദ്ധമാണെന്ന് പറഞ്ഞാണ്‌ രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. കൊവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നത് രോഗികളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള ലംഘനമാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രധാന ആരോപണം. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. ആ സാഹചര്യത്തിൽ കൊവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നത് അവരുടെ ഭരണഘടന അവകാശങ്ങൾക്ക് മേലുള്ള ലംഘനമാണ്. ഇത്തരത്തിൽ ഫോൺരേഖകൾ ശേഖരിക്കുന്നതിനുള്ള യാതൊരു അവകാശവും പൊലീസിനില്ല. പ്രതികളല്ല, രോഗികൾ മാത്രമാണ് അവരെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.