നൂറ്റിയെട്ട് ദുർഗാലയങ്ങളിൽ ഒന്നായ തൈക്കാട്ടുശേരി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ പാത അവസാനിക്കുന്നത് പ്രൗഢഗംഭീരമായ ഒരു മണിമാളികയിലാണ്. അതേ, അതാണ് പരശുരാമനോളം പുരാതനമായ, പ്രസിദ്ധമായ എളേടത്ത് തൈക്കാട്ടില്ലം. മരണദേവന്റെ ചിറകടിയൊച്ചകൾ മണത്തറിഞ്ഞിരുന്ന മരണതൈക്കാട്ട് എന്ന് പ്രസിദ്ധനായ ഇട്ടിരവിമൂസ് ജീവിച്ചിരുന്ന ചരിത്രപ്രസിദ്ധമായ മന. പുൽക്കൊടികൾ പോലും പുളകോത്ഗമം അനുഭവിച്ചറിഞ്ഞിരുന്ന നിറഞ്ഞ പ്രകൃതി. വേലിപ്പടർപ്പിലെ പച്ചിലകൾക്കും വിശാലമായ മനപ്പറമ്പിലെ സസ്യജാലങ്ങൾക്കും അമൃതസ്പർശം കൊണ്ട് നവചൈതന്യം പ്രദാനം ചെയ്തിരുന്ന ഋഷിതുല്യരായ ആയുർവേദ ആചാര്യൻമാർ അമരലോകം പടുത്തുയർത്തിയത് ഇവിടെയാണ്.
അഞ്ചുതിരിയിട്ട നിലവിളക്കുപോലെ ജാജ്വല്യമാനമായിരുന്ന അഷ്ടവൈദ്യപ്രമുഖന്റെ പാദസ്പന്ദനങ്ങൾ ദിവസങ്ങൾക്ക് മുമ്പുവരെ പതിഞ്ഞുകിടന്നത് ഈ മണ്ണിലാണ്. വാക്കിലും നോക്കിലും കാരുണ്യത്തിന്റെ കനിവ് വഴിഞ്ഞൊഴുകുന്ന ഭാവഹാവാദികൾ, ദീർഘകാലത്തെ അനുഭവസമ്പത്ത് സ്വായത്തമാക്കിയ ആയുർവേദ ആചാര്യൻ ഇ.ടി.നാരായണൻ മൂസ് ദിവസങ്ങൾക്ക് മുൻപ് അരങ്ങൊഴിഞ്ഞത് ഇവിടെ നിന്നാണ്.
പ്രഗത്ഭരായ തലമുറകളുടെ പാരമ്പര്യത്തിന്റെ വഴിത്താരയിലൂടെയാണ് അദ്ദേഹം പിച്ചവച്ച് വളർന്നതുതന്നെ. 1924 ൽ ബ്രിട്ടീഷ് വൈസ്രോയിയിൽ നിന്ന് പ്രശസ്തസേവനത്തിനുളള വൈദ്യരത്നം ബഹുമതി കരസ്ഥമാക്കിയ ഇ.ടി. നാരായണൻ മൂസാണ് മുത്തച്ഛൻ. ഇദ്ദേഹത്തിന്റെ കാലഘട്ടം ഈ കുടുംബത്തിന്റെ സുവർണ്ണകാലത്തിന്റെ ആരംഭംകൂടിയായിരുന്നു. അച്ഛനാകട്ടെ, 1992ൽ ആയുർവേദത്തിന് പ്രഥമപത്മശ്രീ കേരളത്തിന് നേടിത്തന്ന ഇ.ടി. നീലകണ്ഠൻമൂസും. ഇവരുടെ താങ്ങും തണലുമാണ് നമ്മുടെ സ്മൃതിപുരുഷന്റെ മനസും വപുസും വികസിതമാക്കിയത്. സ്കൂളിലും കോളേജിലും പോകാതെ പണ്ഡിതരായ അദ്ധ്യാപകർ ഇല്ലത്ത് എത്തി, മികച്ച പഠനം പൂർത്തിയാക്കി. ലോകത്ത് എവിടെ പോയാലും ഇംഗ്ളീഷ്ഭാഷ അനായാസം കൈകാര്യം ചെയ്തത് സ്ഥിരോത്സാഹം കൊണ്ടുകൂടിയായിരുന്നു. ആശാൻ രാമവാരിയരേയും എന്റെ അച്ഛൻ വൈദ്യൻ നാരായണമേനോനേയും മറ്റും പിതൃതുല്യനായി കാണാനുള്ള വലിയ മനസ് സമ്പാദിച്ചത് കറകളഞ്ഞ ഈ ഗുരുകുലവിദ്യാഭ്യാസം കൊണ്ടായിരുന്നു. മാത്രമല്ല, ആയുർവേദത്തോടൊപ്പം സംസ്കൃതഭാഷാവളർച്ചയും അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിൽ പ്രാമുഖ്യം നേടിയത് ഈ സഹവാസത്തിന്റെ സമ്മാനമായിരുന്നു.
പാരമ്പര്യത്തിൽ ഉറച്ചു നിൽക്കുമ്പോഴും എല്ലായ്പ്പോഴും മുൻപേ പറക്കുന്ന പക്ഷിയാകണം എന്ന ദീർഘവീക്ഷണമായിരുന്നു നാരായണൻ മൂസിന്റെ എല്ലാ പ്രവർത്തനങ്ങളുടേയും കാതൽ. കാലമറിഞ്ഞ് പ്രവർത്തിക്കാനുളള കഴിവിന്റെ മകുടോദാഹരണമാണ്, ഇന്ന് പടർന്ന് പന്തലിച്ച് വൻ വടവൃക്ഷമായി മാറിയ വൈദ്യരത്നം സ്ഥാപനങ്ങൾ. 1941 ൽ അച്ഛൻ നീലകണ്ഠൻ മൂസ് സ്ഥാപിച്ച വൈദ്യരത്നം ഔഷധശാല അദ്ദേഹം ദീർഘപ്രയത്നത്തിലൂടെ അതിവിപുലമാക്കി. 1955ൽ രോഗികളുടെ ആവശ്യം കണ്ടറിഞ്ഞ് മാതൃകാ നഴ്സിംഗ് ഹോമും പ്രവർത്തനക്ഷമമാക്കി.
അച്ഛന്റെ അഭിപ്രായം പോലും മറികടന്ന് വരും തലമുറകളുടെ ആയുർവേദ വിദ്യാഭ്യാസം അനിവാര്യമാണെന്ന് കണ്ടറിഞ്ഞ് 1976 ൽ ആ പ്രഗത്ഭമതി തൈക്കാട്ടുശേരിയിൽ ആയുർവേദ കോളേജിന് രൂപം നൽകി. തുടർന്ന് മറ്റു ആയുർവേദ സ്ഥാപനങ്ങളോട് കിടപിടിക്കാൻ പാകത്തിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ച് സ്ഥാപനം പൂർണ്ണമായി യന്ത്രവത്കൃതമാക്കി. കേന്ദ്ര ആയുഷ് വകുപ്പിന്റെ മികച്ച അംഗീകാരം കരസ്ഥമാക്കിയ ഗവേഷണകേന്ദ്രം, ഇ.ടി.നീലകണ്ഠൻ മൂസ് സ്മാരക ആയുർവേദമ്യൂസിയം, ചാരിറ്റി ആശുപത്രി, മൂന്ന് ഔഷധനിർമ്മാണ യൂണിറ്റുകൾ, രാജ്യത്തുടനീളം വിൽപന കേന്ദ്രങ്ങൾ എന്നിവ തുറന്ന് രാഷ്ട്രത്തിന്റെ ആയുർവേദവികസനത്തിൽ സുപ്രധാന പങ്കുവഹിക്കാനായത് നാരായണൻ മൂസ്സിന്റെ അടങ്ങാത്ത സ്ഥിരോത്സാഹത്തിന്റെ അടയാളങ്ങളായിരുന്നു.
പ്രഗത്ഭനായ പിതാവിന്റെ പ്രഗത്ഭനായ പുത്രൻ തന്നെയായിരുന്നു ആചാര്യൻ. എല്ലാവരേയും ഒരു പോലെ പരസ്പരസ്നേഹത്തിന്റെ ചരടിൽ എപ്രകാരമാണ് കോർത്തിണക്കേണ്ടതെന്ന് അദ്ദേഹം പ്രവർത്തിച്ച് കാണിച്ചു തന്നു. തൈക്കാട്ടുശേരിയിൽ മാത്രമല്ല, അംഗീകരിക്കാവുന്ന ആവശ്യവുമായി എത്തുന്ന സകലരേയും പരമാവധി സഹായിക്കുക എന്നതും പിതാവിനെപ്പോലെ പുത്രന്റേയും പ്രഖ്യാപിത നയം തന്നെയായിരുന്നു. ഇത് അദ്ദേഹം അക്ഷരം പ്രതി പാലിയ്ക്കുകയും ചെയ്തു. ഇത്ര ബൃഹത്തായ പ്രസ്ഥാനം പടുത്തുയർത്താനായത് സകലരുടേയും ആത്മാർത്ഥമായ പിന്തുണ കൊണ്ടാണെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. മാനേജർ പദവി ഉളളവരേയും സാധാരണ തൊഴിലാളികളേയും ഒരേ പോലെ കാണാനുളള മനസിന് ഉടമ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അകമഴിഞ്ഞ കാരുണ്യം നിരവധി തവണ അനുഭവിച്ചറിയാനുളള അവസരം ഈ എഴുതുന്ന ആളിന് കൈവന്നിട്ടുണ്ട്. ഈ കാരുണ്യത്തിന്റെ നിറനിലാവിലൂടെ ആയുർവേദസൗരഭ്യം പ്രസരിപ്പിച്ച നാരായണൻ മൂസിന്റെ സേവനം വരും കാലങ്ങളായിരിക്കും കൂടുതൽ വിലയിരുത്തുക. അദ്ദേഹത്തിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.