ന്യൂഡൽഹി: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ വിമാന സർവീസുകൾക്ക് ആഗസ്റ്റ് മാസം അവസാനം വരെ ഹോങ്കോംഗ് വിലക്കേർപ്പെടുത്തി. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് പരിശോധന നടത്തുകയും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഹോങ്കോംഗിലെത്താൻ സാധിക്കൂ. ജൂലായിൽ ഹോങ്കോംഗ് സർക്കാർ പുറപ്പെടുവിച്ച നിയമപ്രകാരമാണിത്.
ഇതിനു പുറമെ വിദേശത്തു നിന്നെത്തുന്ന എല്ലാ യാത്രക്കാരും ഹോങ്കോംഗ് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം കൊവിഡ് ടെസ്റ്റിനു വിധേയരാകുകയും വേണം. അടുത്തിടെ എയർ ഇന്ത്യ വിമാനത്തിൽ ഹോങ്കോംഗിൽ വന്നിറങ്ങിയ ചില യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതിനാൽ ആഗസ്റ്റ് അവസാനം വരെ എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോംഗ് സർക്കാർ വിലക്കേർപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
'ഹോങ്കോംഗ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ എയര്‍ ഇന്ത്യ 310/ 315 ആഗസ്റ്റ് 18 തീയ്യതികളിലെ ഡല്‍ഹി, ഹോങ്കോംഗ് വിമാനങ്ങള്‍ നിറിത്തിവച്ചു. വിമാനം പുറപ്പെടുന്ന തീയ്യതി താമസിയാതെ അറിയിക്കും. യാത്രക്കാര്‍ എയര്‍ ഇന്ത്യ കസ്റ്റമര്‍ കെയറുമായ ബന്ധപ്പെടുക''- എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.
ഹോങ്കോംഗ് സർക്കാർ പുറത്തിറക്കിയ നിയമപ്രകാരം ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഇന്തോനേഷ്യ, കസാക്കിസ്ഥാൻ, നേപ്പാൾ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
കൊവിഡ് മൂലം അന്താരാഷ്ട്ര വിമാനങ്ങൾ മാർച്ച് 23 മുതൽ നിറുത്തിവച്ചിരുന്നു. പിന്നീട് ഡി ജി സി എയുടെ അനുമതിയോടെയാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായി കൊവിഡിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാൻ മേയ് മുതൽ എയർ ഇന്ത്യ വിമാനങ്ങൾ സർവീസുകൾ നടത്തുന്നുണ്ട്.