onam

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പിടിയിൽ നഗരം അമർന്നിട്ട് എട്ട് മാസം പിന്നിടുന്നു. ഇത്രയും നാൾ സഹിച്ചും ക്ഷമിച്ചും ജനം വീട്ടിലിരുന്നു. പക്ഷേ, ഇത് ഓണക്കാലമാണ്, ഇനി എങ്ങനെ വീട്ടിലിരിക്കാനാകും. ഏത് ദുരിതത്തിലും ആർഭാടങ്ങളില്ലാതെ ജനം ഓണം ആഘോഷിച്ചിട്ടുണ്ട്. കൊവിഡ് ഭീതി ഉയരുകയാണെങ്കിലും പകിട്ടില്ലാതെ ഇത്തവണ ഓണം ആഘോഷിക്കാനുള്ള തത്രപ്പാടിലാണ് നഗരവാസികൾ.അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ പൊലീസിന്റേയും നഗരസഭയുടേയുമൊക്കെ കർശന നിരീക്ഷണവുമുണ്ടാവും.

ഉത്രാടപ്പാച്ചിലിന് ക്ളിപ്പിടും

തിരുവോണത്തലേന്നുള്ള മലയാളിയുടെ ഉത്രാടപ്പാച്ചിലിൽ കൊവിഡ് മാനദണ്ഡം ഉറപ്പാക്കാൻ കർശന നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. സാധനങ്ങൾ വാങ്ങുന്നതിനും മറ്റുമായി ഇപ്പോൾ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. ഈ സമയം കൂട്ടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിക്കാനിടയില്ലെന്ന സൂചനയാണ് മേയർ നൽകുന്നത്. ഉത്രാട ദിനത്തിൽ നിയന്ത്രണമില്ലാതെ കൂടിച്ചേരുന്നത് ഒഴിവാക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു.

അത്തപ്പൂക്കളങ്ങൾക്ക് നിയന്ത്രണം വരും

അത്തം തുടങ്ങുന്നത് മുതൽ നഗരത്തിന്റെ മുക്കിലും മൂലയിലും കാണാവുന്നത് ചെറുതും വലുതുമായ അത്തപ്പൂക്കളങ്ങളാണ്. ഇത്തവണ പക്ഷേ ആ കാഴ്ചയ്ക്ക് പകിട്ട് കുറയും. അഞ്ചു പേരിൽ കൂടുതൽ പേർ സംഘം ചേരുന്നത് അധികൃതർ വിലക്കിയേക്കും. മാത്രമല്ല,​ പങ്കെടുക്കുന്നവർ സാമൂഹിക അകലം സൂക്ഷിക്കുകയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. അത്തപ്പൂക്കള മത്സരങ്ങളും ഉണ്ടാകില്ല. പൊതുഇടങ്ങളിലെ ആഘോഷങ്ങൾക്കെല്ലാം നിയന്ത്രണമുണ്ടാകും. സംസ്ഥാന തലത്തിൽ തന്നെ ഓണാഘോഷം വേണ്ടെന്ന് തീരുമാനിച്ചതോടെ പ്രാദേശിക തലത്തിലുള്ള ആഘോഷങ്ങളും അതുപോലെയായിരിക്കും.

ഹോട്ടലുകളിൽ ഓണസദ്യ പരിമിതപ്പെടുത്തും

എല്ലാവർഷവും ഓണക്കാലത്ത് അത്തം മുതൽ നാലാം ഓണം വരെ ഹോട്ടലുകളിൽ ഓണസദ്യ ഉണ്ടാകാറുണ്ട്. പക്ഷേ, സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ഉണ്ടെങ്കിലും പലയിടത്തും അത് പരിമിതമായിരിക്കും. പാഴ്സൽ നൽകാൻ അനുമതിയുള്ളതിനാൽ ഓണസദ്യ ഇൻസ്റ്റന്റായി വീട്ടിലെത്തിച്ചു നൽകാൻ ഹോട്ടലുകാർ തയ്യാറാകും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് വ്യാപാരികളോടും ഹോട്ടലുകളോടും കളക്ടർ നവജ്യോത് ഖോസ ആവശ്യപ്പെട്ടിട്ടുണ്ട്. ഡെലിവറി ചെയ്യുന്നവർ കൂടുതൽ പേരുമായി ഇടപഴകുന്നില്ലെന്ന കാര്യം ഉറപ്പുവരുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.

സായാഹ്ന സവാരിക്കും നിയന്ത്രണം

തിരുവോണ നാളിൽ സദ്യയ്ക്ക് ശേഷവും തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ടും നഗരത്തിലെ സായാഹ്ന കാഴ്ചകൾ കാണാൻ ഇറങ്ങുന്നതും ഇത്തവണത്തേക്ക് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ഇറങ്ങിയാൽ തന്നെ കർശന നിയന്ത്രണങ്ങൾ പാലിക്കണം. എല്ലായിടത്തും പൊലീസിന്റെ ഇടപെടൽ ഉണ്ടാകും. കർശന നിരീക്ഷണത്തിന് തന്നെയാണ് നഗരസഭയുടെ തീരുമാനം.

നഗരത്തിൽ നിയന്ത്രണമില്ലാതെ ആൾക്കാർ ഇറങ്ങുന്നത് ആശങ്കപ്പെടുത്തുന്നു.ഇപ്പോഴത്തെ ഇളവുകളിൽ ഇനിയും ഉദാരത കാണിക്കാനുള്ള സാഹചര്യം നിലവില്ല. എല്ലാവരും സഹകരിക്കണം.

- മേയർ കെ.ശ്രീകുമാർ