covid-19

മുബെയ്: ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് മാസങ്ങൾ പിന്നിട്ടുമ്പോഴും രോഗം ദീര്‍ഘകാലയളവില്‍ ശരീരത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ഇപ്പോഴും ആരോഗ്യവിദഗ്ദ്ധര്‍ക്ക് വ്യക്തമായ ധാരണയില്ല. കൊവിഡ് ഭേദമായവരില്‍ ശ്വാസതടസ്സം, ശരീരവേദന, ക്ഷീണം തുടങ്ങിയ നീണ്ടു നില്‍ക്കുമെന്ന് ഇതിനോടകം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ കൊവിഡ് രോഗം ഭേദപ്പെട്ടവരുടെ കാലുകളില്‍ ഗുരുതരമായ തരത്തില്‍ രക്തം കട്ട പിടിക്കുന്ന പ്രശ്‌നം കണ്ടിട്ടുണ്ടെന്നും ഇത് ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ കാലു നീക്കം ചെയ്യേണ്ടി വന്നേക്കാമെന്ന് ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് ബാധിക്കുകയും ഭേദപ്പെടുകയും ചെയ്തവരില്‍ പിന്നീട് ഹൃദയധമനികളിലേയ്ക്ക് രക്തയോട്ടം കുറയുന്നതു മൂലം നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തുന്ന ആറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി നായര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ജൂലായ് 16നാണ് കുര്‍ളയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ഐ.സി.യുവില്‍ ജോലി ചെയ്യുന്ന ഡോ. രോഹിത് ജയിന് കൊവിഡ് പരിശോധനാഫലം പോസിറ്റീവായത്. ഇതിനു ആറു ദിവസത്തിനു ശേഷം ഇദ്ദേഹത്തിന് നടക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ വേദന അനുഭവപ്പെട്ടു. ഇത് കൊവിഡിന്റെ ഭാഗമായുണ്ടാകുന്ന പ്രശ്‌നമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സാധാരണയായി ഇത് കൈകളെയോ കാലുകളെയോ ആയിരിക്കും ബാധിക്കുക. ഡോക്ടറുടെ ശരീരത്തില്‍ കാലുകളിലേയ്ക്ക് ഓക്‌സിജന്‍ എത്തിക്കുന്ന ധമനികളില്‍ രക്തം കട്ട പിടിച്ച അവസ്ഥയായിരുന്നു. ചികിത്സ വൈകിയിരുന്നെങ്കില്‍ ഇരുകാലുകളും മുറിച്ചു നീക്കേണ്ടി വരുമായിരുന്നെന്നും ഇദ്ദേഹത്തെ ചികിത്സിച്ച ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോ. രാഹുല്‍ പണ്ഡിറ്റ് പറഞ്ഞു. ചികിത്സ വിജയകരമായെങ്കിലും ഇദ്ദേഹത്തിന് ആറുമാസത്തേയ്ക്ക് ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ തുടരുകയും ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

എന്നാല്‍ അവസ്ഥ ഗുരുതരമായ ശേഷം ആശുപത്രിയിലെത്തിയാൽ കാലുകള്‍ മുറിച്ചു നീക്കുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരം രോഗാവസ്ഥയുമായി എത്തിയ ഏഴു പേരില്‍ നാലു പേരുടെ കാലുകള്‍ മുറിച്ചു നീക്കേണ്ടി വന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന അക്യൂട്ട് ഡ്രൈഡ് ഗാന്‍ഗ്രീന്‍ ഗുരുതരാവസ്ഥയിലെത്തിയിരുന്നുവെന്ന് സി.ടി സ്‌കാനില്‍ തെളിഞ്ഞതായും ഡോക്ടര്‍ പറഞ്ഞു. ഇവരുടെ കാലുകള്‍ നീക്കം ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗം ഉണ്ടായിരുന്നില്ല.

ഇതില്‍ 56കാരനായ ഒരാള്‍ ഒരു മാസത്തോളം ഐ.സി.യുവില്‍ കഴിഞ്ഞ ശേഷം കൊവിഡ് മൂര്‍ച്ഛിച്ച് മരണപ്പെട്ടതായും ഡോക്ടര്‍മാര്‍ പറഞ്ഞു. കൊവിഡ് വന്നു ഭേദപ്പെട്ടെന്ന് ആന്റിബോഡി പരിശോധനയില്‍ തെളിഞ്ഞ ആറു പേര്‍ പിന്നീട് രക്തം കട്ട പിടിക്കുന്ന പ്രശ്‌നവുമായി ആശുപത്രിയിലെത്തിയതായി നായര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ രോഗികളില്‍ ആര്‍ക്കും കൊവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും സ്രവപരിശോധനയിലും ആന്റിജന്‍ പരിശോധനയിലും ഫലം ലഭിച്ചത് നെഗറ്റീവായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.