തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നൽകി. പാട്ടത്തിന് നൽകാനുള്ള തീരുമാനത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതുസംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ ആവശ്യം യോഗം തള്ളി. വിമാനത്താവള നടത്തിപ്പ് 50 വർഷത്തേക്ക് നൽകാനാണ് തീരുമാനമായത്. ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വർഷം പാട്ടത്തിന് നൽകും.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളം വികസിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. ടെൻഡർ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെൻഡറിൽ കൂടുതൽ തുക നിർദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏൽപിക്കുന്നതെന്നും ജാവദേക്കർ വിശദീകരിച്ചു.
തിരുവനന്തപുരം ഉൾപ്പെടയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെയും നടത്തിപ്പും വികസനവും 50 വർഷത്തേക്ക് കരാർ നൽകാനാണ് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കരാറെടുക്കുന്നവർ വിമാനത്താവള അതോറിറ്റിക്ക് ഫീസ് നൽകണം. യാത്രക്കാരിൽനിന്ന് യൂസർഫീ ഈടാക്കാനുള്ള അധികാരമുണ്ടാകും.
എന്നാൽ സ്വകാര്യവത്കരണം അനുവദിക്കില്ലെന്നും വിമാനത്താവളത്തെ ഏതുവിധേനയും ടിയാലിന്റെ(തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) കീഴിൽത്തന്നെ ലഭ്യമാക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്നുമായിരുന്നു സംസ്ഥാന സർക്കാർ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നത്.