ബമാകോ: മാലിയിൽ പട്ടാള അട്ടിമറിയെത്തുടർന്ന് പ്രസിഡന്റ് ഇബ്രാഹിം ബൗബക്കർ കെയ്ത്ത രാജിവച്ചു. കഴിഞ്ഞ ദിവസം ബൗബക്കറിനെയും മാലി പ്രധാനമന്ത്രി ബോവ് ബോവ് സിസെയെയും പട്ടാളം അട്ടിമറിയിലൂടെ തടവിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബൗബക്കർ രാജിവച്ചത്. പാർലമെന്റും പിരിച്ചുവിട്ടു. താൻ ഭരണത്തിൽ തുടരുന്നത് രക്തച്ചൊരിച്ചിലിനു കാരണമാകുന്നത് തനിക്ക് താങ്ങാൻ കഴിയില്ലെന്നാണ് രാജി പ്രഖ്യാപന വേളയിൽ ബൗബക്കർ പറഞ്ഞത്. സൈന്യത്തിലെ ചില വിഭാഗങ്ങൾക്ക് അവരുടെ ഇടപെടലിൽ ഇതെല്ലാം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടു തന്നെ എന്റെ മുന്നിൽ വേറെ വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു. തടവിലാക്കിയ ബൗബക്കറിനെ തലസ്ഥാനമായ ബമാകോയ്ക്ക് പുറത്തുള്ള ഒരു സൈനിക താവളത്തിൽ താമസിപ്പിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ആയുധമേന്തിയ ഒരു പറ്റം സൈനികർക്കു നടുവിലിരിക്കുന്ന ബൗബക്കറിന്റെ ചിത്രത്തെ സംബന്ധിച്ചുള്ള ആധികാരികതയിൽ വ്യക്തതയില്ലെന്ന് റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മാലിയിൽ ഉടൻ തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സൈനിക വൃത്തങ്ങൾ ഉറപ്പ് നൽകിയിട്ടുണ്ട്.
ജനങ്ങൾക്ക് അനഭിമതൻ
ബൗബക്കറിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് കനത്ത പ്രക്ഷോഭം നടക്കുകയായിരുന്നു. രണ്ടാം വട്ടം പ്രസിഡന്റായി അധികാരത്തിലേറിയ ബൗബക്കർ അഴിമതി നിറഞ്ഞ ഭരണത്തിലൂടെയും സാമ്പത്തിക തകർച്ച വരുത്തിയതിലൂടെയുമൊക്കെ ജനങ്ങൾക്ക് അനഭിമതനായി മാറുകയായിരുന്നു. പ്രസിഡന്റിന്റെ രാജിക്കായി ഭീകര സംഘടനകൾ കൂടി രംഗത്ത് എത്തിയതോടെയാണ് സൈന്യം ഭരണം ഏറ്റെടുത്തത്. സൈന്യം ഔദ്യോഗികമായി ഭരണം ഏറ്റെടുത്തത് സംബന്ധിച്ച് ഒരു വിശദീകരണവും ലഭിച്ചിട്ടില്ല. മാലിയിലെ സാമ്പത്തിക അരാജകത്വം കാരണം അയൽ രാജ്യങ്ങളെല്ലാം അതിർത്തി നേരത്തേ അടച്ചിരുന്നു. അതേസമയം, പട്ടാള അട്ടിമറിയുണ്ടായാൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും മാലിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.