തുറപ്പുചീട്ടായി ഓഫറുകളും സുരക്ഷിത ഷോപ്പിംഗും
കൊച്ചി: ഇലക്‌ട്രോണിക്‌സ് ഉത്‌പന്ന റീട്ടെയിൽ വിപണിയിലെ ഒരു പ്രമുഖ ഗ്രൂപ്പ് 'കൊവിഡുമായി" ബന്ധപ്പെടുത്തിയാണ് കുറച്ചുനാൾ മുമ്പ് അമ്പരിപ്പിക്കുന്ന ഒരു ഓഫർ അവതരിപ്പിച്ചത്. പർച്ചേസിംഗിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചാൽ നിശ്‌ചിത തുക തിരിച്ചുനൽകുമെന്ന ഓഫർ വിവാദമായെങ്കിലും കടയിലേക്ക് ജനം ഇരച്ചെത്തി.
രണ്ടുദിവസത്തിനിടെ എട്ടുകോടിയോളം രൂപയുടെ കച്ചവടം ഗ്രൂപ്പ് കീശയിലാക്കിയെന്നാണ് വിലയിരുത്തൽ. 5,000ഓളം ടിവികൾ തന്നെ ഗ്രൂപ്പ് രണ്ടുദിനത്തിനിടെ വിറ്റഴിച്ചു. മറ്റൊരു റീട്ടെയിൽ ഗ്രൂപ്പ് ഒറ്റദിവസം കൊണ്ടു കുറിച്ച വിറ്റുവരവ് ഒരു കോടി രൂപയാണ്.
കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് ഈ ഓണക്കാലത്ത്, ഓഫറുകളുടെ ചുവടുപിടിച്ച് വിപണി തിരിച്ചുകയറുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഈ കണക്കുകൾ. ചിങ്ങം പിറന്നതോടെ, വിവാഹ സീസൺ ആരംഭിച്ചത് വസ്‌ത്ര വിപണിക്കും ഉണർവായി.
സ്‌മാർട്ഫോൺ
കഴിഞ്ഞ ഓണക്കാലത്ത് 800 കോടി രൂപയുടെ സ്‌മാർട്‌ഫോണുകളാണ് മലയാളികൾ വാങ്ങിയത്. സമ്പദ്‌ഞെരുക്കം, കൊവിഡ്, കണ്ടെയ്‌ൻമെന്റ് സോണുകൾ എന്നിങ്ങനെ പ്രതിസന്ധികളുണ്ടെങ്കിലും ഇക്കുറി ആഗസ്‌റ്ര് 20 മുതൽ സെപ്‌തംബർ 30വരെയുള്ള സീസണിൽ 600 കോടി രൂപയുടെ വില്പന സ്മാർട്‌ഫോൺ വിപണി പ്രതീക്ഷിക്കുന്നുവെന്ന് മൈജിയുടെ സെയിൽസ് ജനറൽ മാനേജർ ഷൈൻ പറഞ്ഞു.
കേരളത്തിലെ ശരാശരി പ്രതിമാസ സ്മാർട്ഫോൺ വില്പന : ₹200 കോടി
ഓൺലൈൻ ക്ളാസുകളുടെ കരുത്തിൽ ജൂണിലെ വില്പന : ₹434 കോടി
ഉത്‌പന്നങ്ങളുടെ സ്‌റ്റോക്ക് കുറവ്, ഹോട്ട് സ്‌പോട്ട് പ്രശ്‌നം മൂലം ജൂലായിൽ വില്പന ₹300 കോടിയായി കുറഞ്ഞു.
ജൂലായ് - സെപ്‌തംബറിൽ ബ്രാൻഡഡ് ടിവി വില്പന പ്രതീക്ഷ : 35,000 എണ്ണം
അൺബ്രാൻഡഡ് : കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും, കുറഞ്ഞത് 60,000 എണ്ണം
എ.സി : കാര്യമായ ഡിമാൻഡ് ഇല്ല
റഫ്രിജറേറ്റർ, വാഷിംഗ്‌മെഷീൻ, മറ്റുള്ളവ : ഓഫറിന്റെ കരുത്തിൽ വില്പന നേടുന്നു
വസ്‌ത്രവിപണിയിൽ വൻ തിരക്ക്
ഏപ്രിൽ-ജൂലായ് കാലയളവിൽ നടത്താൻ പറ്രാതിരുന്ന ഷോപ്പിംഗ്, വാശിയോടെ ഉപഭോക്താക്കൾ നടത്തുന്ന കാഴ്‌ചയാണ് ചിങ്ങം പിറന്നപ്പോൾ കാണുന്നതെന്ന് വിതരണക്കാർ പറയുന്നു. ഓഫറുകളും സുരക്ഷിത ഷോപ്പിംഗുമാണ് തുറുപ്പുചീട്ട്.
കൊവിഡ് ഭീതിമൂലം കല്യാണങ്ങൾ, ഈ സീസണിലേക്ക് മാറ്റിയതിനാൽ വിവാഹ പർച്ചേസുകളും തകൃതി. കഴിഞ്ഞ ഓണക്കാലത്തിന്റെ 50 ശതമാനത്തിൽ കുറയാത്ത വില്പന ഇക്കുറി പ്രതീക്ഷിക്കുന്നതായി കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ 'കേരളകൗമുദി"യോട് പറഞ്ഞു.
കേരളത്തിലെ പ്രതിവർഷ വസ്‌ത്ര വില്പനയുടെ 30 ശതമാനത്തോളം നടക്കുന്നത് ഓണക്കാലത്താണ്. കല്യാണിൽ നിലവിൽ മൊത്തം വില്പനയുടെ 40 ശതമാനം വിവാഹ പർച്ചേസുകളാണ്. വിവാഹ പാർട്ടികൾക്കായി അവതരിപ്പിച്ച കോംബോ ഓഫറിന് വൻ പ്രതികരണമുണ്ട്. ഷോപ്പിംഗ് സമയം മുൻകൂട്ടി ബുക്ക് ചെയ്‌ത്, സുരക്ഷിത പർച്ചേസ് സാദ്ധ്യമാക്കാൻ കല്യാൺ അവതരിപ്പിച്ച മൊബൈൽ ആപ്പും വൻ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
''കൊവിഡ് കാലത്ത് വസ്‌ത്ര വ്യാപാരമേഖല 'ഐ.സി.യു"വിൽ ആയിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുകയും സുരക്ഷിത ഷോപ്പിംഗ് സാദ്ധ്യമാക്കുകയും ചെയ്‌തതോടെ ഐ.സി.യുവിൽ നിന്ന് വിപണി റൂമിലേക്ക് മാറി. വാക്‌സിൻ സജ്ജമാകുന്നതോടെ സാധാരണനിലയിലേക്ക് വിപണി എത്തുമെന്നാണ് പ്രതീക്ഷ""
ടി.എസ്. പട്ടാഭിരാമൻ,
ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്‌ടർ,
കല്യാൺ സിൽക്‌സ്