നെയ്റോബി : എലിഫെന്റ് ഷ്രൂ ( Elephant - shrew ) ; പേരിൽ ഒരു ആന ഉണ്ടെങ്കിലും ഒരു ചെറിയ എലിയുടെ അത്രമാത്രം വലിപ്പമുള്ള ഇത്തിരിക്കുഞ്ഞൻ സസ്തനിയാണിത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പ്രധാനമായും കണ്ടുവരുന്ന ഇവയെ പറ്റി അധികം ആരും കേൾക്കാനിടയില്ല. സെൻജിസ് എന്നും ഇവ അറിയപ്പെടുന്നു. ഇക്കൂട്ടത്തിൽ സൊമാലി സെൻജിസ് എന്ന എലിഫെന്റ് ഷ്രൂ സ്പീഷിസ് ശാസ്ത്രലോകത്തെ പിടികിട്ടാപ്പുള്ളിയായിരുന്നു. ഇവയ്ക്ക് വംശനാശം സംഭവിച്ചതായാണ് കരുതിയത്. എന്നാൽ ഇപ്പോൾ നീണ്ട 50 വർഷത്തിന് ശേഷം ഇക്കൂട്ടരെ ആഫ്രിക്കയിൽ വീണ്ടും കണ്ടെത്തിയിരിക്കുകയാണ്.
1960കളിലാണ് അവസാനമായി ഇവയെ കണ്ടതെന്നാണ് രേഖകൾ. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് സൊമാലി സെൻജിസിനെ ജീവനോടെ വീണ്ടും കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ നാട്ടിലെ നച്ചെലികളെ പോലെയാണ് കാഴ്ചയിൽ എലിഫെന്റ് ഷ്രൂകളെങ്കിലും നച്ചെലിയുടെ വർഗത്തിൽപ്പെട്ടവയല്ല. ആനയുടെ തുമ്പിക്കൈ പോലെയുള്ള നീണ്ട മൂക്ക് ഉപയോഗിച്ചാണ് ഇക്കൂട്ടർ ഇരപിടിക്കുന്നത്. പേരിലെ ' എലിഫെന്റ് ' എന്ന പദത്തിന് കാരണവും ഈ മൂക്ക് തന്നെയാണ്.
ഏകദേശം 20 സ്പീഷീസ് എലിഫെന്റ് ഷ്രൂകളെയാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ സൊമാലി സെൻജിസ് ഇനത്തെ പറ്റി ദശാബ്ദങ്ങൾ മുമ്പ് ലഭ്യമായ വളരെ പരിമിതമായ വിവരങ്ങൾ മാത്രമാണ് ശാസ്ത്രലോകത്തിന് ലഭ്യമായുള്ളു. 12 സൊമാലി സെൻജിസ് ഇനത്തിൽപ്പെട്ട എലിഫെന്റ് ഷ്രൂകളെ ഗവേഷകർ ജിബൂട്ടിയിൽ കണ്ടെത്തി. അഞ്ച് ദശാബ്ദങ്ങൾക്ക് ശേഷം ശാസ്ത്രലോകം വീണ്ടും കണ്ടെത്തിയ സൊമാലി സെൻജിസുകളുടെ ചിത്രങ്ങളും ഗവേഷകർ പുറത്തുവിട്ടു.