covid-vaccine

കാൻബെറ: കൊവിഡ് പ്രതിരോധ വാക്സിൻ കണ്ടുപിടിച്ചാൽ അത് പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് അറിയിച്ച് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. പ്രതിരോധ വാക്സിൻ നിർമ്മിക്കാൻ ആസ്ട്രേലിയയ്ക്ക് സാധിക്കുമെന്നും മോറിസൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാക്സിൻ നിർമ്മിക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനക്കയുമായി കരാറിലെത്തിയതായും മോറിസൺ വെളിപ്പെടുത്തി. ലോകമാകമാനം കൊവിഡ് പ്രതിരോധ വാക്സിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നിലവിലെ വാക്സിൻ പരീക്ഷണം വിജയകരമായാൽ അത് ഞങ്ങൾ സ്വന്തമായി നിർമ്മിക്കും. എന്നിട്ട് ആസ്ട്രേലിയൻ ജനതയ്ക്ക് സൗജന്യമായി നൽകുമെന്നും മോറിസൺ പറഞ്ഞു. ഈ വർഷം അവസാനത്തോടെയാകും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിൻ പരീക്ഷണ ഫലം പുറത്തുവരിക. ആഗോളതലത്തിൽ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്ന അഞ്ച് വാക്സിനുകളിൽ ഒന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടേത്.