assembly

തിരുവനന്തപുരം: 24ന് നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ 138 എം.എൽ.എമാർക്ക് വോട്ട് ചെയ്യുന്നതിനായി മൂന്ന് പോളിംഗ് ബൂത്തുകൾ നിയമസഭയിൽ സജ്ജീകരിക്കും. കൊവിഡ് രോഗം സ്ഥിരീകരിച്ച എം.എൽ.എമാരുണ്ടെങ്കിൽ അവർക്ക്,​ രോഗബാധിതരല്ലാത്തവർ,​ ക്വാറന്റൈനിൽ കഴിയുന്നവരോ അല്ലെങ്കിൽ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വരുന്നവരോ ആണെങ്കിൽ അവർക്ക് എന്നിങ്ങനെയാണ് മൂന്ന് ബൂത്തുകൾ സജ്ജീകരിക്കുകയെന്ന് ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

ഇടതുപക്ഷത്തിന് ജയം ഉറപ്പായ സീറ്റിൽ എം.വി ശ്രേയാംസ് കുമാറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ലാൽ വർഗീസ് കൽപകവാടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. സർക്കാരിന്റെ അഴിമതിക്കും സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിലുള്ള നിലപാടിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിറുത്തിയത്. ധനബിൽ പാസാക്കുന്നതിനായി 24ന് സഭാസമ്മേളനം ചേരുന്നതിനൊപ്പമാണ് വോട്ടെടുപ്പും നടക്കുക. സർക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് അന്ന് പരിഗണിക്കുമെങ്കിലും സ്‌പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ നോട്ടീസ് പരിഗണിക്കില്ല. സഭാ സമ്മേളനത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണമന്ന വ്യവസ്ഥ പാലിക്കാത്തതിനെ തുടർന്നാണിത്.

ശരീരോഷ്‌മാവ് പരിശോധിക്കും

എം.എൽ.എമാരെ എല്ലാവരെയും ശരീരോഷ്‌മാവ് പരിശോധിച്ച ശേഷമാകും സഭയിലേക്ക് കടത്തിവിടുക. ഉയർന്ന താപനില ഉള്ളവരെയും ചുമ,​ ജലദോഷം പോലുള്ള ലക്ഷണങ്ങൾ ഉള്ളവരെയും പ്രത്യേകമായി ഇരുത്തിയാകും വോട്ടെടുപ്പ് നടത്തുക. കൊവിഡ് പോസിറ്റീവായവർക്ക് വോട്ട് ചെയ്യാനുള്ള സമയം വൈകിട്ട് 4 മുതൽ 5 വരെയാണ്. ഇവർ പി.പി.ഇ കിറ്റ്,​ ഗ്ളൗസ്,​ എൻ 95 മാസ്ക് എന്നിവ ധരിക്കണം. സഹായത്തിനായി സഭയിൽ ആരോഗ്യപ്രവർത്തകരുടെ സേവനം ഉറപ്പാക്കും.

കൊവിഡ് സ്ഥിരീകരിച്ചാൽ..

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എം.എൽ.എമാർക്ക് ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ അവർക്ക് തപാൽ വോട്ട് ചെയ്യാൻ അവസരമൊരുക്കും. ഇങ്ങനെ ചെയ്യുന്ന തപാൽ വോട്ട് ഇലക്ഷൻ കമ്മിഷന്റെ നിർദ്ദേശപ്രകാരം ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാകും ശേഖരിക്കുക. എം.എൽ.എമാർ എല്ലാവരും തങ്ങളുടെ മൊബൈലിൽ ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഇൻസ്‌റ്റാൾ ചെയ്തിരിക്കണം.

മറ്റ് നിർദ്ദേശങ്ങൾ

 റിട്ടേണിംഗ് ഓഫീസറുടെ മുറി,​ പോളിംഗ് റൂം,​ കൗണ്ടിംഗ് റൂം,​ കാത്തിരിപ്പ് മുറി തുടങ്ങിയ സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കണം

 വായുസഞ്ചാരം ഉറപ്പാക്കാനായി ജനാലകൾ എല്ലാം തുറന്നിടണം

 നിയമസഭയിൽ ഡ്യൂട്ടിയിലുള്ള എല്ലാ വാച്ച് ആൻഡ് വാർഡുമാരും ആന്റിജൻ പരിശോധനയ്ക്ക് വിധേയരാകണം