arjun-dronachaya

തിരുവനന്തപുരം : രാജ്യത്തെ കായിക പുരസ്കാരങ്ങളായ രാജീവ് ഗാന്ധി ഖേൽരത്ന,അർജുന,ദ്രോണാചാര്യ എന്നിവയ്ക്കായി പതിവിലും കൂടുതൽ താരങ്ങളെ തിരഞ്ഞെടുത്തെങ്കിലും കേരളത്തിൽ നിന്ന് ഒരാളെപ്പോലും പരിഗണിക്കാതിരുന്നത് വിവാദമാകുന്നു. റിട്ടയേഡ് സുപ്രീം കോടതി ജസ്റ്റിസ് മുകുന്ദകം ശർമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സെലക്ഷൻ കമ്മറ്റി കഴിഞ്ഞ ദിവസം ശുപാർശപ്പട്ടിക കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന് കൈമാറി. മന്ത്രി അംഗീകരിച്ച ശേഷം ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

അപൂർവമായി മാത്രം ഒന്നിലേറെപ്പേർക്ക് നൽകിയിരുന്ന ഖേൽരത്നയ്ക്ക് ഇത്തവണ അഞ്ചുപേർക്കാണ് ശുപാർശ ലഭിച്ചത്. 15 പേരിൽ നിജപ്പെടുത്തിയിരുന്ന അർജുനയ്ക്ക് വേണ്ടി കഴിഞ്ഞദിവസം ചേർന്ന സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തതത് 29 പേരെയും.ആജീവനാന്ത സേവനം അടിസ്ഥാനമാക്കി എട്ടുപേരെയും സമീപകാല സേവനത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുപേരെയും മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യയ്ക്കായി ശുപാർശ ചെയ്തു. ഇതിലൊന്നും കേരളത്തിൽ നിന്നും ഒരാൾ പോലും ഇടം പിടിക്കാതിരുന്നതാണ് വിവാദമായിരിക്കുന്നത്.അർഹതയുണ്ടായിരുന്ന നിരവധി മലയാളി താരങ്ങളെയും പരിശീലകരെയും വെട്ടി നിരത്തിയപ്പോൾ ഒളിമ്പ്യൻ ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് ലൈഫ് ടൈം പുരസ്കാരം ലഭിച്ചതാണ് ഏക ആശ്വാസം.

ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും ഏഷ്യൻ ഗെയിംസിലും മെഡൽ നേടിയ അത്‌ലറ്റ് പി.യു ചിത്ര, കോമൺവെൽത്ത് ഗെയിംസിലും ബി.ഡബ്ളിയു.എഫ് ഒാപ്പണുകളിലും മികവ് കാട്ടിയ ബാഡ്മിന്റൺ താരങ്ങളായ എച്ച്.എസ് പ്രണോയ്, അപർണാബാലൻ തുടങ്ങിയ അർഹരായ നിരവധി മലയാളി താരങ്ങളാണ് ശുപാർശപ്പട്ടികയിൽ നിന്ന് ഒഴിവായത്. മുമ്പ് പരമോന്നത പുരസ്കാരമായ ഖേൽരത്ന നേടിയ സാക്ഷി മാലിക്ക്,മീരാഭായി ചാനു എന്നിവർക്ക് ഇത്തവണ അർജുനയും നൽകിയപ്പോഴാണ് അർഹരായ മലയാളി താരങ്ങളെ ഒഴിവാക്കിയത്.

ദ്രോണാചാര്യയ്ക്കായി ടി.പി ഒൗസേഫ്,പുരുഷോത്തമൻ, ഇപ്പോഴത്തെ ഇന്ത്യൻ അത്‌ലറ്റിക്സ് ടീം ഹെഡ് കോച്ച് രാധാകൃഷ്ണൻ നായർ തുടങ്ങിയവരും അപേക്ഷിച്ചിരുന്നെങ്കിലും പട്ടികയിൽ നിന്ന് വെട്ടിപ്പോയി.അന്താരാഷ്ട്ര മെഡലുകൾ നേടിയ കായിക താരങ്ങളെ വളർത്തിയെടുത്ത പരിശീലകരെ ഒഴിവാക്കിയപ്പോൾ ദേശീയ ചാമ്പ്യൻഷിപ്പ് പോലും നടക്കാത്ത മഹാരാഷ്ട്രയിലെ പ്രാദേശിക കായിക ഇനമായ മാലാക്കാമ്പ് കോച്ചിന് പുരസ്കാരം നൽകിയത് വിരോധാഭാസമായി. ബോക്സർ മേരികോമിനെ പരിശീലിപ്പിച്ചതിന്റെ പേരിൽ നാലാമത്തെയാൾ ദ്രോണാചാര്യ ശുപാർശ നേടുന്നതും ഇത്തവണ കണ്ടു.പല കായി​ക ഇനങ്ങളി​ലും ഒരേ ശി​ഷ്യരുടെ പേരി​ൽ പല പരി​ശീലകർ അവാർഡി​ന് അപേക്ഷി​ച്ചതും കൗതുകമായി​.

അഞ്ചുപേർക്ക് ഖേൽരത്ന

ഇതാദ്യമായാണ് അഞ്ചുപേർക്ക് ഖേൽരത്ന ശുപാർശ ലഭിക്കുന്നത്. 2016ൽ നാലുപേർക്ക് പരമോന്നത പുരസ്കാരം സമ്മാനിച്ചിരുന്നു. ക്രിക്കറ്റർ രോഹിത് ശർമ്മ,വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ട്,വനിതാ ടേബിൾ ടെന്നിസ് താരം മണിക ബത്ര,വനിതാ ഹോക്കി ടീം ക്യാപ്ടൻ റാണി രാംപാൽ , പാരാ ഒളിമ്പിക് മെഡലിസ്റ്റ് മാരിയപ്പൻ തങ്കവേലു എന്നിവർക്കാണ് ശുപാർശ.

ഇന്ത്യൻ ടീം വൈസ് ക്യാപ്ടനായ രോഹിത് കഴിഞ്ഞ വർഷം ലോകകപ്പിൽ അഞ്ചു സെഞ്ച്വറികളടിച്ചതടക്കം മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. സച്ചിൻ , ധോണി,കൊഹ്‌ലി എന്നിവർക്കാണ് ക്രിക്കറ്റിൽ നിന്ന് മുമ്പ് ഖേൽരത്ന ലഭിച്ചിരുന്നത്.

2018 ലെ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണവും ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയിരുന്ന ഗുസ്തി താരമാണ് വിനേഷ് ഫോഗാട്ട്.

ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ടീമിനെ വെള്ളിയിലെത്തിച്ചതിനും ഒളിമ്പിക് യോഗ്യത നേടിക്കാെടുത്തതിനുമാണ് റാണിയെ പരിഗണിക്കുന്നത്.

2018ലെ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടി ചരിത്രം കുറിച്ചതിനാണ് മണികയെ പരിഗണിച്ചത്.

റിയോ പാരാ ഒളിമ്പിക്സിൽ ഹൈജമ്പിൽ സ്വർണം നേടിയിരുന്ന താരമാണ് മാരിയപ്പൻ.

അർജുന ശുപാർശ ലഭിച്ചവർ

ഇശാന്ത് ശർമ്മ,അതാനു ദാസ്,ദീപക് ഹൂഡ,ദീപിക താക്കൂർ,ദ്വിജ് ശരൺ,മീരാഭായ് ചാനു,സാക്ഷി മാലിക്ക്, ആകാശ് ദീപ് സിംഗ്,ലവ്‌ലിന ബോറോഗെയ്ൻ,മനു ഭാക്കർ,സൗരഭ് ചൗധരി,മനീഷ് കൗശിക്ക്, സന്ദേശ് ജിംഗാൻ, ദത്തു ഭൊക്കനാൽ, രാഹുൽ അവാരെ,ദ്യുതി ചന്ദ്,ദീപ്തി ശർമ്മ,ശിവ കേശവൻ ,മധുരിക പത്കർ,മനീഷ് നർവാൾ,സന്ദീപ് ചൗധരി,സുയാഷ് യാദവ്,ചിരാഗ് ഷെട്ടി,സ്വാത്വിക് സായ്‌രാജ്,വിശേഷ് ഭാർഗുവംശി,അജയ് സാവന്ത്,അതിഥി അശോക്,സരിക കാലെ,ദിവ്യ കാക്കരൺ.

ജിൻസിക്ക് വൈകി വന്ന ആശ്വാസം

ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഒാടി രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മലയാളി അത്‌ലറ്റ് ജിൻസി ഫിലിപ്പിന് രാജ്യത്തിന്റെ അംഗീകാരം എത്തുന്നത്. സിഡ്നി ഒളിമ്പിക്സിൽ ഇന്ത്യയുടെ 4-400 മീറ്റർ റിലേ ടീമിൽ അംഗമായിരുന്നു. മദ്ധ്യദൂര ഒാട്ടത്തിലും ലോംഗ്ജമ്പിലും ദേശീയ അന്തർദേശീയ തലത്തിൽ നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.മുൻ ഇന്ത്യൻ അത്‌ലറ്റ് കൂടിയായ രാമചന്ദ്രനാണ് ഭർത്താവ്.

സെലക്ഷൻ കമ്മറ്റി

റിട്ട.സുപ്രീം കോടതി ജഡ്ജി മുകുന്ദകം ശർമ്മ(ചെയർപേഴ്സൺ​),വി​രേന്ദർ സെവാഗ്, സർദാർ സിംഗ്,മൊണാലി​സ ബറുവ,ദീപ മാലി​ക്ക്,വെങ്കി​ടേശൻ ദേവരാജൻ, നീരു ഭാട്യ,മനീഷ് ബദവി​യ,അലോക് സി​ൻഹ.

819

അപേക്ഷകളാണ് ഇക്കുറി അർജുന അവാർഡിനായി ലഭിച്ചത്. 33 കായിക ഇനങ്ങളിൽ നിന്നാണ് ഇത്രയും അപേക്ഷകർ.ഇതിൽ ഒളിമ്പിക് സ്പോർട്സ് ഇനങ്ങൾ 22 എണ്ണമാണ്.107 പേർ അത്‌ലറ്റിക്സിൽ നിന്ന് മാത്രം അപേക്ഷിച്ചു.ഹോക്കിയിൽ നിന്ന് 87 പേരും ക്രിക്കറ്റിൽ നിന്ന് 55 പേരും. ലോക്ക്ഡൗൺ കാരണം ഫെഡറേഷനുകളുടെ ശുപാർശയ്ക്കൊപ്പം സ്വന്തം നിലയിൽ ഒാൺലൈനായി അപേക്ഷിക്കാൻ അനുമതി നൽകിയതും എണ്ണം കൂടാൻ കാരണമായി.