ratsasan

ഭാഷയുടെ അതിര്‍ വരമ്പുകള്‍ കടന്ന് സൂപ്പർ ഹിറ്റായ ചിത്രമാണ് രാക്ഷസന്‍. വിഷ്ണു വിശാല്‍ പ്രധാന വേഷത്തിലെത്തിയ ത്രില്ലര്‍ കേരളത്തിലും വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ത്രില്ലറുകള്‍ മലയാള സിനിമയിലും എത്തി. ഇപ്പോഴിതാ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്. രാക്ഷസന് ഒരു രണ്ടാം ഭാഗം വരാനുള്ള സാധ്യതയാണ് ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിലെ നായകന്‍ വിഷ്ണു വിശാല്‍ നടത്തിയ അഭ്യര്‍ത്ഥനയും അതിന് ചിത്രത്തിന്റെ സംവിധായകന്‍ റാം കുമാര്‍ നല്‍കിയ മറുപടിയുമാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സ്ഥിരീകരണമൊന്നും ലഭിച്ചില്ലെങ്കിലും നടന്റേയും സംവിധായകന്റേയും വാക്കുകള്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം രാക്ഷസന്‍ ഐ.എം.ഡി.ബിയില്‍ തമിഴ് സിനിമകളുടെ പട്ടികയില്‍ ഒന്നാമത് എത്തിയിരുന്നു.

ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ മൂന്നാമതുമെത്തി രാക്ഷസന്‍. ഈ സന്തോഷം പങ്കുവെച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് രണ്ടാം ഭാഗം വേണമെന്ന ആവശ്യവുമായി ആരാധകരുമെത്തിയത്. ആരാധകരിലൊരാളുടെ ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു വിഷ്ണു. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാക്കാനുള്ള തിരക്കഥ തയ്യാറായോ എന്ന് സംവിധായകന്‍ റാം കുമാറിനോടായി വിഷ്ണു ചോദിക്കുകയായിരുന്നു. നടന്നു കൊണ്ടിരിക്കുകയാണെന്നായിരുന്നു സംവിധായകന്റെ മറുപടി.റാം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു വിശാലും അമല പോളുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.