air-india

ഹോങ്കോംഗ്: ആഗസ്റ്റ് അവസാനം വരെ എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോംഗ്. കൊവിഡ് പ്രതിരോധ മാർഗങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് നടത്തിയ കൊവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയവർക്ക് രാജ്യത്തേക്ക് വരാമെന്നാണ് ജൂലായ് അവസാനം ഹോംങ്കോംഗ് പുറപ്പെടുവിച്ച ഉത്തരവിലുണ്ടായിരുന്നത്. എന്നാൽ, എയർ ഇന്ത്യ വിമാനത്തിലെത്തിയ ചില യാത്രക്കാർക്ക് ഹോംങ്കോംഗിലെത്തിയ ശേഷം കൊവിഡ് പോസിറ്റീവായി. ഇതാണ് ഇത്തരമൊരു നീക്കത്തിന് അധികാരികളെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. വിലക്കിനോട് എയർ ഇന്ത്യ അധികൃതർ പ്രതികരിച്ചിട്ടില്ല. ഇന്ത്യയ്ക്കു പുറമേ ബംഗ്ളാദേശ്, ഇന്തോനേഷ്യ, കസാക്കിസ്ഥാൻ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നു വരുന്നവർക്കും കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വേണമെന്ന് ഹോംങ്കോംഗ് നിഷ്കർഷിച്ചിട്ടുണ്ട്.