തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.കോഴിക്കോട് മെഡിക്കൽകോളേജിൽ മൂന്നുപേരും ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോരുത്തരുമാണ് മരിച്ചത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇക്ബാൽ, എയ്തീൻ കുട്ടി, കോഴിക്കോട് സ്വദേശി അഹമ്മദ് ഹംസ എന്നിവരാണ് കോഴിക്കോട് മെഡിക്കൽകോളേജിൽ മരിച്ചത്.
അമ്പത്തെട്ടുകാരനായ മുഹമ്മദ് ഇക്ബാലിന് ശ്വാസകോശാർബുദമുണ്ടായിരുന്നു. എയ്തീൻ കുട്ടിക്ക് വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നു. അഹമ്മദ് ഹംസ പന്ത്രണ്ടുദിവസമായി ചികിത്സയിലായിരുന്നു. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ലെന്നാണ് റിപ്പോർട്ട്. കനാൽ വാർഡ് സ്വദേശി ക്ലീറ്റസാണ് ആലപ്പുഴയിൽ മരിച്ചത്. കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെയാണ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി രാമകൃഷ്ണപിളള മരിച്ചത്.
ഇന്നലെ സംസ്ഥാനത്ത് ആറ് കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ഈമാസം 8ന് മരിച്ച പാലക്കാട് വിളയൂർ സ്വദേശിനി പാത്തുമ്മ (76),11ന് മരിച്ച വയനാട് കാരക്കാമല സ്വദേശി മൊയ്തു (59),12ന് മരിച്ച കോഴിക്കോട് ചേളാവൂർ സ്വദേശി കൗസു (65),15ന് മരിച്ച കോഴിക്കോട് ബേപ്പൂർ സ്വദേശി രാജലക്ഷ്മി (61),16ന് മരിച്ച തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശി വിജയ (32), 2ന് മരിച്ച തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സത്യൻ (54) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.